ഡൽഹി: രാജ്യത്തെ വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരെ ഒഴിവാക്കുന്ന നടപടിക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചു. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെയും തമിഴ്നാട്ടിൽ എം.കെ.
സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെയും തോൽവികൾ തികച്ചും ആസൂത്രിതമാണെന്നും, ഈ തിരിച്ചടികൾ യാദൃശ്ചികമായി സംഭവിച്ചതാണെന്ന് കരുതാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർമാർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുന്നതിന്റെ ആനുകൂല്യം ബിജെപിക്ക് മാത്രമാണ് ലഭിക്കുന്നതെന്നും, ജീവിച്ചിരിക്കുന്നവരെ എങ്ങനെയാണ് ഔദ്യോഗിക രേഖകളിൽ മരിച്ചവരാക്കി മാറ്റാൻ കഴിയുകയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു.
അനുവാദമില്ലാതെ സമരം സംഘടിപ്പിച്ചെന്ന ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. സമരം ചെയ്യുക എന്നത് പൗരന്മാരുടെ മൗലികാവകാശമാണെന്നും അതൊരു ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രി അമിത് ഷാ അനുവാദം നൽകാൻ അത് കുടുംബസ്വത്തല്ലെന്നും, ബെംഗളൂരുവിൽ തങ്ങൾ സമാധാനപരമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും എന്നാൽ ദില്ലിയിൽ എന്തുകൊണ്ടാണ് പ്രതിഷേധങ്ങൾ അനുവദിക്കാത്തതെന്നും അദ്ദേഹം ചോദ്യം ചെയ്തു. രാജ്യത്തെ യുവജനങ്ങൾ ഇന്ന് തികച്ചും നിർഭയരാണെന്നും അവർക്ക് ഭയപ്പാടുകളില്ലെന്നും ഏത് അറസ്റ്റും വരിക്കാൻ അവർ സന്നദ്ധരാണെന്നും അഭിജീത് ദീപ്കെ കൂട്ടിച്ചേർത്തു.
ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള ഈ പോരാട്ടം ഏതെങ്കിലും ഒരു സംഘടനയുടെ മാത്രം നിലനിൽപിനായുള്ളതല്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉടനടി രാജിവെക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമായിരിക്കുകയാണ്.
ഈ ആവശ്യം മുൻനിർത്തി സിജെപിയും കോൺഗ്രസും മറ്റ് പ്രതിപക്ഷ സംഘടനകളും വിദ്യാർത്ഥി സംഘടനകളും ചേർന്ന് ദേശീയ തലസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ സമര പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

