തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും നിർണായകമായ ദിവസം നാളെ. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ വിധി പ്രസ്താവിക്കും.
ജസ്റ്റിസ് എ ബദറുദീന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന നിലപാടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സ്വീകരിച്ചിട്ടുള്ളത്.
അതേസമയം, പ്രാഥമിക അന്വേഷണം വേണമെന്നാണ് സർക്കാർ നിലപാട് അറിയിച്ചിട്ടുള്ളത്. പൊതുപ്രവർത്തകനായ കെ എം ഷാജഹാൻ ആണ് ഹൈക്കോടതിയിൽ ഈ ഹർജി സമർപ്പിച്ചത്.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (SIT) അന്വേഷണ നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിലേക്ക് കടന്നിരിക്കുന്നത്.
ഇ ഡി പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയാണ് പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ ചോദ്യം ചെയ്തുവരുന്നത്. ഇ ഡി അന്വേഷണ വേളയിൽ റെയ്ഡ് നടത്തിയ ഹസൻ വാരിസിനെയാണ് അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്തത്.
എന്നാൽ തനിക്ക് മുഹമ്മദ് റിയാസുമായി സാമ്പത്തിക ഇടപാടുകൾ ഒന്നും തന്നെയില്ലെന്നാണ് ഹസൻ വാരിസ് മൊഴി നൽകിയിരിക്കുന്നത്. മുഹമ്മദ് റിയാസ് തനിക്ക് സുഹൃത്ത് മാത്രമാണെന്നും, എന്നാൽ ഇ.ഡി തന്നെ ഭയപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ മകളെ കേസിൽ കുടുക്കുമെന്ന് ഇ ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ഹസൻ വാരിസ് മൊഴിയിൽ ആരോപിക്കുന്നുണ്ട്. തുടർന്ന്, ഇ ഡിയ്ക്ക് നൽകിയ മൊഴി പിൻവലിക്കുന്നതിനുള്ള സത്യവാങ്മൂലവും അദ്ദേഹം SIT ക്ക് കൈമാറിയിട്ടുണ്ട്.
ഇതിനിടെ ഷൈജൽ മുഹമ്മദിന്റെ മൊഴിയും സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഷൈജലിനു മൂന്നു കോടി രൂപ നൽകിയതായി വീണ.ടി യുടെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇ ഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെയും സി.എം.ആർ.എൽ (CMRL) ഉദ്യോഗസ്ഥരുടെയും മൊഴികൾ പൂർണ്ണമായി രേഖപ്പെടുത്തിയ ശേഷമായിരിക്കും മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖരെ ചോദ്യം ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

