കോഴിക്കോട് ജില്ലയിലെ പയ്യോളി, പേരാമ്പ്ര ടൗണുകളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി. പൊതുവിപണിയിൽ വ്യാപാരികൾ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.
പയ്യോളി ടൗണിൽ മാത്രം 14 ഹോട്ടലുകളും എട്ട് പലവ്യഞ്ജന കടകളും ഉൾപ്പെടെ ആകെ 22 സ്ഥാപനങ്ങളിൽ അധികൃതർ പരിശോധന നടത്തി. ഇതിൽ നിയമലംഘനം കണ്ടെത്തിയ നാല് കടകൾക്ക് കർശനമായ നോട്ടീസ് നൽകി.
വിലവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് വരും ദിവസങ്ങളിൽ ഇത് നിർബന്ധമാക്കണമെന്നും, മൂന്ന് ദിവസത്തിനുള്ളിൽ പട്ടിക പ്രദർശിപ്പിക്കണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. പേരാമ്പ്ര ടൗണിൽ എട്ട് വാണിജ്യ സ്ഥാപനങ്ങളിലും ഒരു സിനിമാ തിയറ്ററിലുമാണ് പരിശോധന നടത്തിയത്.
കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസർ എസ്.കെ സജിത പരിശോധനകൾക്ക് നേതൃത്വം നൽകി. ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഷീജ അടിയോടി, റേഷനിങ് ഇൻസ്പെക്ടർമാരായ എം.
ശ്രീജു, ശ്രീനിവാസൻ പുളിയുള്ളതിൽ, എസ്. സുനിൽ കുമാർ എന്നിവർ പരിശോധനാ സംഘത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

