തിരുവനന്തപുരം: ശ്രീകാര്യം – പാങ്ങപ്പാറ റോഡിലുണ്ടായ സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ യുവാവിന് ചികിത്സ ലഭിക്കാൻ വൈകിയതായി കുടുംബത്തിന്റെ ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ പിതാവ് പ്രദീപ് എമിലി സാമൂഹിക മാധ്യമത്തിലൂടെയാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
ആരെയും കുറ്റപ്പെടുത്താനല്ലെങ്കിലും, ഭാവിയിൽ ഇത്തരം ദുരിതങ്ങൾ ആർക്കും ഉണ്ടാകരുതെന്ന മുന്നറിയിപ്പാണ് കുറിപ്പിലൂടെ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അപകടം സംഭവിച്ചത്.
വാട്ടർ അതോറിറ്റിയുടെ പണികൾക്കായി റോഡ് വെട്ടിപ്പൊളിച്ച ശേഷം കൃത്യമായി ടാർ ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. റോഡിന്റെ നവീകരിക്കാത്ത ഭാഗങ്ങളിലെ കുഴികൾ രാത്രികാല യാത്രകളിൽ കാണാൻ കഴിയാത്ത അവസ്ഥയാണ്.
മുന്നിലെ വാഹനത്തിന്റെയും എതിരെ വന്ന വാഹനത്തിന്റെയും വെളിച്ചത്തിൽ കുഴി ശ്രദ്ധയിൽപ്പെടാതെ യുവാവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ തലയ്ക്കും നെഞ്ചിനും കൈകാലുകൾക്കും ഗുരുതര പരുക്കേറ്റ യുവാവ് റോഡിൽ ബോധരഹിതനായി കിടന്നു.
എന്നാൽ സമയത്ത് ആവശ്യമായ സഹായം ലഭിച്ചില്ലെന്നും പിന്നീട് സന്തോഷ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറും മറ്റൊരു ഡ്രൈവറും ചേർന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതെന്നും പിതാവ് പറയുന്നു. രാത്രി പത്ത് മണിയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ നിന്നും അടിയന്തര ചികിത്സ ലഭിക്കാൻ രണ്ടര മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു.
കനത്ത രക്തസ്രാവമുണ്ടായിട്ടും ഡോക്ടർമാരുടെയോ ജീവനക്കാരുടെയോ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടായില്ല. ഒടുവിൽ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചപ്പോൾ റഫറിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മണിക്കൂറുകൾ വൈകിച്ചതായും പിതാവിന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
റോഡുകളുടെ ശോച്യാവസ്ഥയും ആശുപത്രികളിലെ കാലതാമസവും ചൂണ്ടിക്കാണിക്കുന്ന ഈ സംഭവത്തിൽ ഇതുവരെ ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

