ചെന്നൈയിൽ നിന്നും നഷ്ടപ്പെട്ടുപോയ മൊബൈൽ ഫോൺ കേരള പോലീസ് കണ്ടെടുത്തു. മലപ്പുറത്ത് നിന്നാണ് ഫോൺ കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകിയത്.
ചെന്നൈ സ്വദേശിയായ സത്യയുടെ പിതാവിന്റെ ഫോണാണ് കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ചെന്നൈയിലെ സെലയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് കാണാതായത്. സംഭവത്തെ തുടർന്ന് സെലയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ പോർട്ടലിൽ (CEIR) ഫോൺ നഷ്ടപ്പെട്ടതായി രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
CEIR പോർട്ടലിലെ ‘ഷെയേർഡ് ട്രേസബിലിറ്റി ഡീറ്റെയിൽസ്’ സംവിധാനത്തിലൂടെയാണ് ഫോണിന്റെ ലൊക്കേഷൻ വൈത്തിരി സ്റ്റേഷൻ പരിധിയിലാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സെലയൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പെറ്റീഷൻ വൈത്തിരി സ്റ്റേഷിലേക്ക് കൈമാറുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ സിവിൽ പോലീസ് ഓഫീസർ പി.പി. ആഷിഖിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് മലപ്പുറം തിരൂരങ്ങാടിയിൽ നിന്ന് ഫോൺ കണ്ടെത്തിയത്.
ഫോൺ സുരക്ഷിതമായി വീണ്ടെടുത്ത ശേഷം, ദൂരവും പരാതിക്കാരന്റെ സാഹചര്യവും കണക്കിലെടുത്ത് ആഷിഖ് നേരിട്ട് കൊറിയർ മുഖേന ചെന്നൈയിലെ വിലാസത്തിലേക്ക് ഫോൺ അയച്ചുനൽകുകയായിരുന്നു. ഫോൺ തിരികെ ലഭിച്ചതിന് പിന്നാലെ കേരള പോലീസ് ഉദ്യോഗസ്ഥർക്ക് നന്ദിയും പ്രശംസയും അറിയിച്ച് സത്യ വീഡിയോ സന്ദേശത്തിലൂടെ ബന്ധപ്പെട്ടിരുന്നു.
“തന്റെ പിതാവിന്റെ ആദ്യത്തെ സ്മാർട്ട്ഫോൺ തിരികെ ലഭിച്ചതിൽ താനും കുടുംബവും ഏറെ സന്തോഷത്തിലാണ്” എന്ന് സത്യ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഏകദേശം 25 മൊബൈൽ ഫോണുകൾ പി.പി.
ആഷിഖ് കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകിയിട്ടുണ്ട്. ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് ഉടമകൾ CEIR പോർട്ടലിൽ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നിരന്തരം നിരീക്ഷണം നടത്തിയാണ് ഈ ഫോണുകൾ ഉപയോഗിക്കുന്നവരെ കണ്ടെക്കുന്നത്.
തുടർന്ന് ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമകൾക്ക് കൈമാറുകയായിരുന്നു. വയനാട്ടിൽ വിനോദയാത്രയ്ക്കിടെ നഷ്ടമായ മൊബൈൽ ഫോൺ കണ്ടെത്തി നൽകിയതിന് മുൻപ് കൊൽക്കത്ത സ്വദേശിയും പി.പി.
ആഷിഖിന് നന്ദിയും പ്രശംസയും അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

