ഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സമര രീതികളിലും ആവശ്യങ്ങളിലും ഇന്ത്യ മുന്നണിയില്‍ കടുത്ത അതൃപ്തി പുകയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നേരില്‍ കാണണമെന്ന രാഹുലിന്റെ ആവശ്യത്തോട് ഇടതുപാര്‍ട്ടികള്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു.
ഒരു പെരും കള്ളന് ആയി മുദ്രകുത്തപ്പെട്ട വ്യക്തിയെ കണ്ടിട്ട് എന്ത് കാര്യമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു.
വിഷയം സംബന്ധിച്ച് അദ്ദേഹം കെ.സി. വേണുഗോപാലിനെ നേരിട്ട് വിളിച്ച് തന്റെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യ മുന്നണി യോഗത്തില്‍ തീരുമാനിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് ആസ്ഥാനത്തേക്കുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധ മാര്‍ച്ചിന്റെ ഗതി രാഹുല്‍ ഗാന്ധി ഒറ്റയ്ക്ക് തീരുമാനിച്ചു എന്നാണ് പ്രധാന ആക്ഷേപം. ആകാശവാണി ഭവനിലേക്ക് കടന്ന് അദ്ദേഹം പ്രതിഷേധം ആരംഭിച്ചിട്ടും ഈ വിവരം മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ അറിയിച്ചിരുന്നില്ല.
മുന്നണിയില്‍ കൂട്ടായി എടുത്ത തീരുമാനം രാഹുല്‍ ഗാന്ധിക്ക് സ്വന്തം നിലയില്‍ മാറ്റാനാകുമോ എന്നാണ് സഖ്യത്തിലെ മറ്റ് നേതാക്കളുടെ ചോദ്യം. രാഹുലിന്റെ സമരരീതിയില്‍ മാത്രമല്ല, ഉന്നയിച്ച ആവശ്യത്തിലും കടുത്ത വിയോജിപ്പാണ് ഇടതുപാര്‍ട്ടികള്‍ പ്രകടിപ്പിച്ചത്.
ക്രമക്കേടുകളുടെ ഉത്തരവാദിയെ നേരില്‍ കണ്ടിട്ട് എന്ത് കാര്യമെന്നാണ് നേതാക്കള്‍ ചോദിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാല്‍ പ്രധാന വിഷയത്തില്‍ നിന്ന് മാറിയുള്ള ഇത്തരം നീക്കങ്ങള്‍ അനാവശ്യമായ ആക്ഷേപങ്ങള്‍ക്ക് വഴിവെക്കുമെന്നും വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസ് നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന വിമര്‍ശനവും ശക്തമാണ്.
ഗ്യാനേഷ് കുമാറിന് എതിരായ സമരത്തില്‍ ഐക്യപ്പെടുമ്പോഴും രാഹുല്‍ ഗാന്ധിയുടെ ചില തീരുമാനങ്ങളില്‍ കേരളത്തിലെ മറ്റു നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

