ദേശീയപാത 66-ൽ തൃശൂർ ജില്ലയിലെ നാട്ടിക ടോൾ പ്ലാസയിൽ നാളെ മുതൽ ചുങ്കം നൽകി മാത്രമേ യാത്ര ചെയ്യാനാകൂ. ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
പാതയുടെ നിർമ്മാണം പൂർത്തിയാകും മുമ്പേ ടോൾ പിരിവ് ആരംഭിക്കുന്നതിൽ ജനങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തെ തന്നെ ടോൾപ്പാതക്കെതിരേ സമരസമിതി ഇതിനെതിരെ രംഗത്തുവന്നിരുന്നു.
കാപ്പിരിക്കാട് – കൊടുങ്ങല്ലൂർ ചെയിനേജിൽ ചാവക്കാട് ബൈപ്പാസ്, വാടാനപ്പള്ളി ഫ്ലൈ ഓവർ, ചേറ്റുവ പാലം, എടമുട്ടം അടിപ്പാത, കൊറ്റംകുളം സി.വി. ജങ്ഷൻ പാലം തുടങ്ങിയവയുടെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല.
കൂടാതെ, പുതുതായി അനുവദിക്കപ്പെട്ട നാട്ടിക, വലപ്പാട് ഹൈസ്കൂൾ, കൈപ്പമംഗലം കൊപ്രക്കളം, ശ്രീനാരായണപുരം പള്ളിനട, ഏങ്ങണ്ടിയൂർ പൊക്കുളങ്ങര, മണത്തല, എടക്കഴിയൂർ, മന്ദലാംകുന്ന് നടപ്പാലങ്ങളുടെ പ്രാഥമിക നിർമ്മാണ പ്രവൃത്തികൾ പോലും ആരംഭിച്ചിട്ടില്ല.
ഇത്രയധികം ജോലികൾ ബാക്കിനിൽക്കെയാണ് ടോൾ പിരിവിലേക്ക് കടക്കുന്നത്. ഹരിയാന ആസ്ഥാനമായുള്ള സ്കൈലാർക്ക് എന്ന കമ്പനിക്കാണ് ടോൾ പിരിവിനുള്ള ടെണ്ടർ നൽകിയിരിക്കുന്നത്.
ഈ സ്വകാര്യ സ്ഥാപനത്തിന്റെ ജീവനക്കാർ ഇതിനോടകം തന്നെ നാട്ടികയിൽ എത്തിച്ചേർന്നിട്ടുണ്ട്. പുതിയ നിരക്കുകൾ പ്രകാരം കാർ, ജീപ്പ്, വാൻ, എൽ.എം.വി തുടങ്ങിയ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 120 രൂപയും മടക്കയാത്ര ഉൾപ്പെടെ ഒരു ദിവസത്തേക്ക് 180 രൂപയും ഈടാക്കും.
ഒരു മാസത്തേക്ക് 50 യാത്രകൾക്ക് 3995 രൂപയാണ് നിരക്ക്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒറ്റ യാത്രയ്ക്ക് 405 രൂപയും മടക്കയാത്ര ഉൾപ്പെടെ 610 രൂപയുമാകും.
ഇവരുടെ പ്രതിമാസ പാസ് നിരക്ക് 13525 രൂപയാണ്. ഹെവി കൺസ്ട്രക്ഷൻ മെഷിനറി, എർത്ത് മൂവിങ് എക്യുപ്മെന്റ് എന്നിവയ്ക്ക് ഒറ്റ യാത്രയ്ക്ക് 635 രൂപയും മടക്കയാത്ര ഉൾപ്പെടെ 955 രൂപയും നൽകണം.
പ്രതിമാസ പാസിന് 21210 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ പരിധിയിലുള്ള വാണിജ്യേതര വാഹനങ്ങൾക്ക് പ്രതിമാസം 360 രൂപയുടെ പാസ് എടുത്താൽ യാത്ര ചെയ്യാവുന്നതാണ്.
എന്നാൽ, നിർമ്മാണത്തിലെ കാലതാമസത്തിന് കാരണം ഡിസൈനിൽ വരുത്തിയ മാറ്റങ്ങളാണെന്ന് നിർമ്മാണ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസ് അധികൃതർ വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ച അലൈൻമെന്റും സ്കെച്ചും പ്രകാരമുള്ള നിർമ്മാണമാണ് നടന്നിരുന്നതെന്നും പാലങ്ങളുടെ അപ്രോച്ച് റോഡുകൾ ഇരുവശത്തും 200 മീറ്റർ വീതം നീളത്തിൽ മണ്ണിട്ട് ഉയർത്തിയാണ് പണിതുവന്നിരുന്നതെന്നും അവർ പറഞ്ഞു.
എന്നാൽ നാലു മാസം മുമ്പ് ഡിസൈൻ മാറ്റിയുള്ള ഉത്തരവ് വന്നതോടെ അപ്രോച്ച് റോഡ് മണ്ണിട്ട് ഉയർത്തുന്നതിന് പകരം പൈലിങ് നടത്തി പില്ലറുകൾ സ്ഥാപിച്ച് പാലത്തിന് സമാനമായ രീതിയിൽ നിർമ്മിക്കേണ്ടി വന്നു. ഇതുമൂലം ഓരോ പാലത്തിന്റെയും നീളം 400 മീറ്റർ വീതം വർധിക്കുകയും, കൊറ്റംകുളം പാലം ഒരു കിലോമീറ്റർ നീളത്തിലായി മാറുകയും ചെയ്തു.
ഈ പ്രവൃത്തികൾ പൂർത്തിയാകാൻ ഇനിയും ഒന്നര വർഷത്തോളം വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ നിർമ്മാണ ജോലികൾ കൂടി പൂർത്തിയാകുമ്പോൾ അധിക തുക ഈടാക്കുന്നതിനായി ടോൾ നിരക്ക് വീണ്ടും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ആശങ്ക ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

