കരിവെള്ളൂർ: ജീവിതത്തിലെ കടുത്ത വേദനകളെയും പ്രതിസന്ധികളെയും മനോഹരമായ പുഞ്ചിരിയോടെ നേരിട്ട കാൻസർ പോരാളി ടി.
ലേഖ (ലേഖ അംബുജാക്ഷൻ) ഇനി ഓർമകളിൽ. കാൻസർ രോഗത്തിനെതിരായ അതിജീവന യാത്രയിലൂടെ ലക്ഷക്കണക്കിന് മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയ വ്യക്തിയാണ് ലേഖ.
രോഗബാധിതയായിരിക്കുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ തന്റെ അനുഭവങ്ങളും കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളും അവർ നിരന്തരം പങ്കുവെച്ചിരുന്നു. രോഗാവസ്ഥയുടെ ഓരോ ഘട്ടത്തിലും ഭർത്താവ് അംബുജാക്ഷൻ നമ്പ്യാരും മക്കളും നൽകിയ സ്നേഹവും കരുതലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രാർഥനാ സഹായം അഭ്യർഥിച്ച് അംബുജാക്ഷൻ പങ്കുവെച്ച വിഡിയോകൾ ഏറെ വികാരാധീനമായിരുന്നു. “എല്ലാം ശരിയാകും” എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട
ലേഖയുടെ റീലുകൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ചലച്ചിത്രമേഖലയിലും സജീവമായിരുന്ന അവർ ബഹുമുഖ പ്രതിഭയായിരുന്നു.
ചലച്ചിത്ര പ്രവർത്തകയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ പെരിങ്ങോം പുൽക്കിയിലെ ടി. ലേഖ (44) അർബുദ ബാധയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
കുട്ടികളുടെ സംരക്ഷണവും പ്രകൃതിയും പ്രമേയമാക്കി 2019-ൽ പുറത്തിറങ്ങിയ ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതസംവിധാനം എന്നിവ നിർവഹിച്ചത് ലേഖയാണ്. ഈ സിനിമയിൽ ശ്രദ്ധേയമായ വേഷവും അവർ കൈകാര്യം ചെയ്തിരുന്നു.
ഈ ചിത്രം സംവിധാനം ചെയ്തത് ഭർത്താവ് അംബുജാക്ഷൻ നമ്പ്യാരാണ്. പരേതരായ അമ്പുവിന്റെയും തളിയിൽ കല്യാണിയുടെയും മകളാണ്.
മക്കൾ: വിദ്യാർഥികളായ ആദികേശ്, അതിഥി (പിഇഎസ് വിദ്യാലയം പയ്യന്നൂർ). സഹോദരി: സിന്ധു (ബെംഗളൂരു).
സംസ്കാരം നടന്നു.

