കോഴിക്കോട്: നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യൂട്യൂബർ അശ്വന്ത് കോക്ക് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ്. സംഭവ ദിവസം ലൈസൻസ് കൈവശമില്ലെന്നാണ് ഇദ്ദേഹം പൊലീസിനെ അറിയിച്ചിരുന്നത്.
തുടർന്ന് പിന്നീട് സമർപ്പിച്ച രേഖകൾ പരിശോധിച്ചപ്പോഴാണ് ലൈസൻസിന്റെ കാലാവധി അവസാനിച്ച വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. 2025 ഫെബ്രുവരി മാസത്തിലാണ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ടുള്ളത്.
ഇതിന്റെ അടിസ്ഥാനത്തിൽ, ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് അശ്വന്ത് കോക്കിനെതിരെ അധികൃതർ പുതിയ കേസുകൂടി രജിസ്റ്റർ ചെയ്യും. കൂടാതെ അടുത്ത 5 വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കാവ് മേഖലയിൽ വെച്ച് അശ്വന്ത് ഓടിച്ച വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരോട് ഇദ്ദേഹം തട്ടിക്കയറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മദ്യലഹരിയിലായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്യുകയായിരുന്നു. അപകടം നടന്ന വാഹനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് കുപ്പി മദ്യവും ഒരു എയർ ഗണ്ണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വന്ത് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. “ഇനി താൻ മദ്യപിച്ച് വാഹനമോടിക്കില്ലെന്നും ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നതായും” അദ്ദേഹം പ്രതികരിച്ചു.
“നിയമവിരുദ്ധമായി താൻ ജീവിതത്തിൽ ചെയ്ത ഏക കാര്യം ഇതു മാത്രമാണ്” എന്നും അശ്വന്ത് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

