മാലിന്യ നിർമാർജനത്തിൽ വേറിട്ട മാതൃക തീർത്ത് കട്ടപ്പന നഗരസഭ.
നഗരസഭാ വളപ്പിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ തീർത്ത സ്പൈഡർമാന്റെ രൂപമാണ് ഇപ്പോൾ പൊതുജനങ്ങളുടെയും സഞ്ചാരികളുടെയും ശ്രദ്ധ ആകർഷിക്കുന്നത്. മാലിന്യം റീസൈക്കിൾ ചെയ്തു ഫലപ്രദമായ രീതിയിൽ മാറ്റിയെടുക്കാമെന്നു തെളിയിച്ചിരിക്കുകയാണ് നഗരസഭയിലെ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം.
നിലത്തേക്കു ചാടിയിറങ്ങുന്ന രീതിയിൽ 12 അടി ഉയരത്തിലാണ് സ്പൈഡർമാനെ നിർമിച്ചിരിക്കുന്നത്. നഗരസഭാ പ്രദേശങ്ങളിലെ ബോട്ടിൽ ബൂത്തുകളിൽ നിന്നു ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, പഴയ ഇരുമ്പ് കമ്പികൾ എന്നിവയെല്ലാമാണ് ഈ അപൂർവ്വ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ഫ്രെയിം തയാറാക്കിയശേഷം അതിൽ മാലിന്യം നിറച്ച് ചായം പൂശിയാണ് ശിൽപം പൂർത്തിയാക്കിയത്. ഹരിതകേരളം മിഷന്റെയും നഗരസഭയുടെയും ‘വേസ്റ്റ് ടു ആർട്’ പദ്ധതിയുടെ ഭാഗമായി നഗരസഭാ ജീവനക്കാരും പ്രാദേശിക കലാകാരന്മാരും ചേർന്നു 10 ദിവസം കൊണ്ടാണ് ഈ ശിൽപം നിർമിച്ചത്.
മാലിന്യ സംസ്കരണത്തെക്കുറിച്ചു ജനങ്ങളിൽ അവബോധം വളർത്താൻ ഇത്തരം വേറിട്ട കാഴ്ചകൾ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
നഗരസഭാ ചെയർപഴ്സൻ ജോയി വെട്ടിക്കുഴി, കൗൺസിലർമാർ, ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് വേറിട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
ജനങ്ങളെ ആപത്തിൽ നിന്ന് സ്പൈഡർമാൻ രക്ഷിക്കുന്നതുപോലെ നാടിനെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്ന രക്ഷകന്റെ പ്രതീകമായാണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുപരിചിതമായ ഈ രൂപം നിർമിച്ചത്. നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ തോമസ് മൈക്കിൾ, സെക്രട്ടറി അജി കെ.തോമസ്, ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി.ജോൺ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി.പ്രദീപ് രാജ്, കെ.എസ്.അനുപ്രിയ, ബി.എം.അമ്പിളി, ഐ.രജിത, ശുചിത്വ മിഷൻ യങ് പ്രഫഷനൽ പ്രവീണ ഗിരീഷ്, ജീവനക്കാരായ ബിബിൻ തോമസ്, ബിജു മാത്യു, മനു ബാബു എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി നഗരസഭാ പ്രദേശത്തെ എല്ലാ സ്കൂളുകളിലെയും കുട്ടികൾക്കായി ‘വേസ്റ്റ് ആൻഡ് ആർട്’ ശിൽപശാല സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് നഗരസഭ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

