നിലവിലുള്ള ഓഡിയോ ഉൽപ്പന്നങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റുമായി ഗൂഗിൾ രംഗത്ത്. പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിന് പകരം നിലവിലുള്ളവയെ കൂടുതൽ മികച്ചതാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പിക്സൽ ബഡ്സ് പ്രോ 2, പിക്സൽ ബഡ്സ് 2എ എന്നീ ഡിവൈസുകളിലേക്കാണ് പ്രധാനപ്പെട്ട മാറ്റങ്ങളുമായി പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്.
സോഫ്റ്റ്വെയർ റിലീസ് 6.144-ന്റെ ഭാഗമായാണ് പ്രധാനപ്പെട്ട ഈ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നതെന്ന് ഗൂഗിളിന്റെ പിക്സൽ ബഡ്സ് ഹെൽപ്പ് സപ്പോർട്ട് പേജ് ഔദ്യോഗികമായി അറിയിച്ചു.
ഫോണിൽ തൊടാതെ തന്നെ തത്സമയ വിവർത്തനങ്ങൾ ലഭ്യമാക്കുന്ന ‘എൻഹാൻസ്ഡ് ലൈവ് ട്രാൻസ്ലേറ്റ്’ (Enhanced Live Translate) ഫീച്ചറാണ് പുതിയ അപ്ഡേറ്റിലൂടെ ലഭ്യമാകുന്നത്. സംഭാഷണ വേളകളിലോ ചുറ്റുമുള്ള ഭാഷകൾ മനസ്സിലാക്കുന്നതിനോ ഗൂഗിൾ ട്രാൻസ്ലേറ്റ് വഴി തടസ്സമില്ലാത്ത വിവർത്തനങ്ങൾ ലഭിക്കാൻ ഇത് സഹായിക്കും.
കൂടാതെ ജെമിനി (Gemini) വോയ്സ് കമാൻഡുകൾ ഉപയോഗിച്ച് ഓഡിയോ ക്രമീകരണങ്ങൾ മാറ്റാനും ഉപയോക്താക്കൾക്ക് സാധിക്കും. വോയ്സ് കമാൻഡുകൾ ഉപയോഗിച്ച് ആക്റ്റീവ് നോയ്സ് കാൻസലേഷൻ (Active Noise Cancellation) ഓണാക്കാനും, ഇക്വലൈസർ (EQ) ക്രമീകരിക്കാനും, ടച്ച് കൺട്രോളുകൾ പ്രവർത്തനക്ഷമമാക്കാനും സാധിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റ ടച്ചിലൂടെ പിക്സൽ ബഡ്സ് മ്യൂട്ട് ചെയ്യാനുള്ള സൗകര്യവും പുതിയ അപ്ഡേറ്റിലുണ്ട്. എങ്കിലും ഈ ടാപ്പ്-ടു-മ്യൂട്ട് ഫീച്ചർ പ്രവർത്തിക്കണമെങ്കിൽ ബഡ്സ് ഒരു പിക്സൽ ഫോണുമായി പെയർ ചെയ്തിരിക്കണം.
ഉപയോക്താവ് ഉറങ്ങുകയാണെന്ന് തിരിച്ചറിഞ്ഞാൽ മീഡിയ പ്ലേബാക്ക് താൽക്കാലികമായി നിർത്തിവെക്കാൻ പിക്സൽ ബഡ്സിന് സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ ടച്ച് ജെസ്ചറുകൾ ഓഫ് ചെയ്യാനും ഇൻകമിംഗ് നോട്ടിഫിക്കേഷനുകൾ സൈലൻസ് ചെയ്യാനും ഇതിന് സാധിക്കും.
പിക്സൽ ബഡ്സ് പ്രോ 2-ൽ ചെവികളിലെ ഫിറ്റിംഗിന് അനുസരിച്ച് ഓഡിയോ വോള്യവും എ.എൻ.സിയും തത്സമയം ക്രമീകരിക്കുന്ന ‘ഡൈനാമിക് ആക്റ്റീവ് നോയ്സ് കാൻസലേഷൻ’ (Dynamic Active Noise Cancellation) ഫീച്ചറും ലഭ്യമാക്കിയിട്ടുണ്ട്. ക്രമീകരണങ്ങളിൽ (Settings) പോയി പുതിയ അപ്ഡേറ്റ് മാനുവലായി പരിശോധിച്ചു ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അല്ലാത്തപക്ഷം, ഡിവൈസ് ചാർജിലിരിക്കുമ്പോൾ അപ്ഡേറ്റ് സ്വയമേവ ലഭ്യമാകും. പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനേക്കാൾ നിലവിലുള്ള ഹാർഡ്വെയർ കാലാനുസൃതമായി അപ്ഡേറ്റ് ചെയ്ത് ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുന്ന സമീപനമാണ് ഗൂഗിൾ സ്വീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

