ബെംഗളൂരുവിൽ വിദ്യാരണ്യപുരയിലെ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയും ഒരു ലക്ഷം രൂപ കവരുകയും ചെയ്തതായി റിപ്പോർട്ട്. നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന ആറംഗ സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
പണം നൽകിയില്ലെങ്കിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഈ കവർച്ച. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാരണ്യപുര മെയിൻ റോഡ്നിൽ പ്രവർത്തിക്കുന്ന ‘മൈ സലൂൺ ആൻഡ് സ്പാ’ എന്ന സ്ഥാപനത്തിലാണ് നാല് സ്ത്രീകളും രണ്ട് യുവാക്കളുമടങ്ങുന്ന സംഘം അഴിഞ്ഞാടിയത്. ഈ സ്ഥാപനത്തിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അക്രമികളുടെ താണ്ഡവം.
സ്ഥാപനത്തിലേക്ക് ഇരച്ചുകയറിയ വനിതകൾ ഉൾപ്പെട്ട സംഘം ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ജീവനക്കാരെ മർദ്ദിച്ചതിന് പിന്നാലെയായിരുന്നു ബ്ലാക്ക്മെയിലിങ് തുടങ്ങിയത്. ആവശ്യപ്പെട്ട
പണം തന്നില്ലെങ്കിൽ സ്പായ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിൽ വിഡിയോകൾ പ്രചരിപ്പിച്ച് സ്ഥാപനം പൂട്ടിക്കുമെന്നായിരുന്നു ഭീഷണി. ഒത്തുതീർപ്പിനായി സംഘം ആദ്യം ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം രൂപയാണ്.
എന്നാൽ അത്രയും വലിയ തുക നൽകാനാവില്ലെന്ന് ഉടമ നയന വ്യക്തമാക്കിയതോടെ ഭീഷണി ഒന്നര ലക്ഷത്തിലേക്ക് ചുരുങ്ങി. ജീവഭയം കാരണം കയ്യിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ നയന സംഘത്തിന് കൈമാറുകയായിരുന്നു.
ബാക്കി അൻപതിനായിരം രൂപ ഉടൻ നൽകണമെന്ന് താക്കീത് നൽകിയാണ് അക്രമി സംഘം സ്ഥലംവിട്ടത്. സംഭവത്തിൽ ഉടമ നയന നൽകിയ പരാതിയിൽ വിദ്യാരണ്യപുര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
അക്രമത്തിന്റെ പൂർണ ദൃശ്യങ്ങൾ സ്പായിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പണം തട്ടിയ സംഘത്തെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

