വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനായുള്ള ‘ഫോം 6’ അപേക്ഷയിൽ വരുത്തിയ ഭേദഗതികൾ തങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി രംഗത്ത്. ഈ മാറ്റങ്ങൾ വരുത്തിയത് ആരാണെന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഫോം 6 അപേക്ഷയോടൊപ്പം അധിക സത്യവാങ്മൂലം സമർപ്പിക്കണമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ വ്യവസ്ഥ വലിയ തോതിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ നിബന്ധന സുപ്രീംകോടതി ശരിവച്ചതാണെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ നിരന്തരം ന്യായീകരിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ നിർണായക വ്യക്തത.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് കർശനമായി റദ്ദാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ്കുമാർ എതിരെയുള്ള നടപടികൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിഷയത്തിൽ എതിർകക്ഷികളായ കേന്ദ്രസർക്കാർ, തിരഞ്ഞെടുപ്പു കമ്മിഷണർമാർ, ഡപ്യൂട്ടി കമ്മിഷണർ, ഐടി വിഭാഗം ഡയറക്ടർ ജനറൽ എന്നിവർക്ക് കോടതി നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
ബന്ധപ്പെട്ട കക്ഷികൾ 10 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദ്ദേശം.
മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഏകപക്ഷീയമായ രീതിയിലാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എന്ന ഗുരുതര ആരോപണവും, ക്രിമിനൽ നടപടികൾ നേരിടുന്നതിൽനിന്ന് മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർക്ക് പരിരക്ഷ നൽകുന്ന വ്യവസ്ഥയുടെ സാധുതയും കോടതി പരിശോധിക്കും. എന്നാൽ, ഗ്യാനേഷ്കുമാറിനെ താൽക്കാലികമായി ചുമതലയിൽനിന്ന് ഒഴിവാക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായപ്പോഴും, ബിഹാർ കേസിലെ ഉത്തരവുകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷൻ തങ്ങളുടെ നടപടികളെ ന്യായീകരിക്കുകയാണ് ചെയ്തത്. എസ്ഐആറിനായി ജൂൺ 24-ന് എടുത്ത തീരുമാനം കമ്മിഷൻ ഏകകണ്ഠമായാണ് സ്വീകരിച്ചതെന്നും ഈ വിജ്ഞാപനം സുപ്രീംകോടതി നേരത്തെ ശരിവച്ചതാണെന്നും കമ്മിഷൻ വ്യക്തമാക്കി.
ഫോം 6ൽ മാറ്റങ്ങൾ വരുത്തിയത് ഗ്യാനേഷാണെന്ന് വ്യക്തമായതായി രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് കമ്മിഷന്റെ ഈ പ്രതികരണം ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

