കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുന്നു.
പരിപാടിയുടെ ഭാഗമായി വന്ദേമാതര ആലാപനം തടസ്സപ്പെടുത്തുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർവകലാശാല മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച് പുറത്തിറക്കിയ സർക്കുലറിലാണ് മുന്നറിയിപ്പുള്ളത്.
മൂന്ന് വർഷം തടവും പിഴയും ലഭിക്കാമെന്ന നിയമഭേദഗതി ചൂണ്ടിക്കാണിച്ചാണ് സർവകലാശാലയുടെ നടപടി. എന്നാൽ സർവകലാശാലയുടെ ഈ സർക്കുലർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്താനുള്ള ബോധപൂർവ്വമായ നീക്കമാണെന്ന് വിദ്യാർത്ഥി സംഘടനകൾ പ്രതികരിച്ചു.
അതേസമയം, പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ സർവകലാശാലയിൽ എത്തിയാൽ ശക്തമായി തടയുമെന്ന് എസ്എഫ്ഐ വ്യക്തമാക്കിയിട്ടുണ്ട്.
ആർഎസ്എസ് ആശയങ്ങളുമായി ബന്ധമുള്ളവരെ സർവകലാശാല പരിപാടിയിൽ ഉൾപ്പെടുത്തിയെന്നാരോപിച്ച് എൻഎസ് യുഐയും എംഎസ്എഫും ക്യാമ്പസ് വളപ്പിൽ ഇതിനോടകം പ്രതിഷേധം സംഘടിപ്പിച്ചു കഴിഞ്ഞു. സർവകലാശാലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ കുറ്റപ്പെടുത്തി.
പരിപാടിയിൽ ജെ. നന്ദകുമാർ പങ്കെടുത്താൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

