കാസർഗോഡ് ജില്ലയിലെ പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾക്കിടെ അധികൃതർ ഔദ്യോഗിക മുന്നറിയിപ്പുമായി രംഗത്ത്. പരിപാടിക്കിടെ വന്ദേമാതര ആലാപനം തടയാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നാണ് സർവ്വകലാശാലയുടെ പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നത്.
മൂന്നുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന നിയമഭേദഗതികൾ ചൂണ്ടിക്കാണിച്ചാണ് സർവകലാശാലയുടെ ഈ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. എന്നാൽ സർവകലാശാലയുടെ ഈ കടുത്ത നിലപാടിനെതിരെ ക്യാമ്പസിൽ വിവിധ വിദ്യാർത്ഥി സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനും ഭീഷണിപ്പെടുത്താനുമുള്ള നീക്കമാണ് സർക്കുലറിന് പിന്നിലെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു. പരിപാടിയുടെ ഭാഗമായി പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ.
നന്ദകുമാർ സർവകലാശാലയിൽ എത്തിയാൽ ശക്തമായി തടയുമെന്ന് എസ്എഫ്ഐ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം എംഎസ്എഫും എൻഎസ്യുഐയും സർവകലാശാലാ ക്യാമ്പസ് വളപ്പിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സർവകലാശാലയിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

