തിരുവനന്തപുരം: സംസ്ഥാനത്ത് ലൈഫ് ഭവനപദ്ധതി യാതൊരു മുടക്കവുമില്ലാതെ തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
അർഹരായ എല്ലാ ഭവനരഹിതർക്കും പാർപ്പിടം ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ലൈഫ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് അവർക്കായി പ്രത്യേക ഭവനനിർമാണ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മത്സ്യത്തൊഴിലാളികൾക്കായുള്ള ഷീ സ്കൂട്ടർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് ഈ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ ലൈഫ് ഭവനപദ്ധതി പൂർണ്ണമായി നിർത്തലാക്കി എന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉൾപ്പെടെ ഉയരുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം വന്നിരിക്കുന്നത്.
“ലൈഫ് പദ്ധതിക്കൊന്നും കുഴപ്പമില്ല. ലൈഫ് തുടരും.
എന്നാൽ അതിന് മുമ്പുണ്ടായിരുന്ന ഭവനനിർമാണ പദ്ധതി വഴി നിർമിച്ചിരുന്നത്ര വീടുകൾ ലൈഫ് പദ്ധതിയുടെ ഭാഗമായതിന് ശേഷം നിർമിക്കപ്പെട്ടിട്ടില്ലെന്നത് സത്യമാണ്. ഇതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകളിൽനിന്ന് വലിയ പരാതികൾ ലഭിച്ചിരുന്നു.
അതിനാലാണ് മത്സ്യത്തൊഴിലാളികൾക്കായുള്ള ഭവനനിർമാണ പദ്ധതി ലൈഫിൽനിന്ന് മാറ്റിയത്. ഇക്കാര്യം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്” മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് നാല് ലക്ഷം രൂപയാണ് ധനസഹായമായി ലഭിക്കുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രത്യേക ഭവനപദ്ധതി പ്രകാരം എത്ര തുക അനുവദിക്കുമെന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘അത് ഇപ്പോൾ പറയുന്നില്ല. സസ്പെൻസായി കിടക്കട്ടെ’ എന്നായിരുന്നു ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

