കൊച്ചി നഗരത്തിലെ കളമശ്ശേരിയിൽ യുവതിയെ ക്രൂരമായ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. സ്പായിൽ മാനേജർ തസ്തികയിൽ ഒഴിവുണ്ടെന്ന് കാണിച്ചുകൊണ്ട് പ്രമുഖ ഓൺലൈൻ പരസ്യ പ്ലാറ്റ്ഫോമായ ഒഎൽഎക്സ് (OLX) വഴിയാണ് പ്രതികൾ പരസ്യം നൽകിയത്.
ഇത് കണ്ട് അപേക്ഷിച്ച മറ്റൊരു ജില്ലക്കാരിയായ യുവതിയെയാണ് സംഘം കെണിയിൽപ്പെടുത്തിയത്. എറണാകുളത്ത് ജോലി ചെയ്യുന്ന ഭർത്താവിനൊപ്പമായിരുന്നു ഈ യുവതി താമസിച്ചിരുന്നത്.
ഈ മാസം രണ്ടാം തീയതി രാവിലെ ഇന്റർവ്യൂവിന് ഹാജരായ യുവതിയോട് ജോലി ലഭിച്ചതായി സംഘം അറിയിക്കുകയായിരുന്നു. തുടർന്ന് അന്ന് വൈകുന്നേരത്തോടെ ഇന്റർവ്യൂ നടത്തിയ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ, കൂടിക്കാഴ്ചയ്ക്കായി ഇടപ്പള്ളിലെ ഒരു ലോഡ്ജിലേക്ക് യുവതിയെ ക്ഷണിച്ചു.
വിളിച്ചത് ഒരു സ്ത്രീയായതിനാൽ യാതൊരു സംശയവുമില്ലാതെയാണ് യുവതി അവിടെയെത്തിയത്. പ്രതികൾ അയച്ചുനൽകിയ ഊബർ ടാക്സിയിലാണ് യുവതി ലോഡ്ജിൽ എത്തിയത്.
എന്നാൽ ലോഡ്ജിൽവെച്ച് യുവതിക്ക് ആദ്യം മദ്യവും പിന്നീട് നിർബന്ധിച്ച് ലഹരിമരുന്നും നൽകി ബോധം കെടുത്തി. തുടർന്ന് രണ്ടാം തീയതി രാത്രിയിലും മൂന്നാം തീയതിയിലുമായി പ്രതികൾ യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ മറ്റൊരു വനിതയും ഉൾപ്പെടുന്നു എന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.
കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ ആകെ നാലുപേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ യുവതിയെ പീഡിപ്പിച്ച ഒരു സ്ത്രീയും, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവെച്ച മറ്റൊരാളും ഉൾപ്പെടെ രണ്ടുപേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പീഡനവിവരം പുറത്തുപറയാൻ ഭയന്ന യുവതിയെക്കുറിച്ച് കൂട്ടുകാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ വിശദമായ മെഡിക്കൽ പരിശോധനയിൽ യുവതിയുടെ ശരീരത്തിൽ പീഡനമേറ്റതിന്റെ നിരവധി ഗുരുതരമായ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ ക്രൂരമായ പീഡനത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായ പ്രധാന പ്രതിക്ക് കൊച്ചിയിൽ മൂന്നോ നാലോ സ്പാകൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു.
ഇത്തരം കേന്ദ്രങ്ങളിൽ പോലീസ് മുൻപും പരിശോധനകൾ നടത്തുകയും അനധികൃതമായി പ്രവർത്തിച്ച സ്ഥാപനങ്ങൾ പൂട്ടിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികൾക്ക് മറ്റ് ഏതെങ്കിലും തരത്തിലുള്ള ഗുണ്ടാബന്ധങ്ങൾ ഉണ്ടോയെന്നടക്കമുള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

