യൂത്ത് ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രഖ്യാപിച്ചു. വനിതാ വിഭാഗത്തില്‍ കുങ്കും മൊഹോദ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, പുരുഷ വിഭാഗത്തില്‍ സുജീത് ഈ നേട്ടത്തിന് അര്‍ഹനായി.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പ്രഥമ ജസ്പാല്‍ റാണ പുരസ്കാരമാണ് പതിനേഴുകാരിയായ കുങ്കും മൊഹോദ് സ്വന്തമാക്കിയത്. അമ്പെയ്ത്ത് മത്സരങ്ങളില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും കരസ്ഥമാക്കിയതാണ് കുങ്കുമിനെ ഈ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
റികേര്വ് വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും സ്വര്‍ണം നേടിയ താരം, മിക്സ്ഡ് ടീം ഇനത്തില്‍ വെള്ളിയും സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ റികേര്വ് ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും കുങ്കും കുറിച്ചു.
മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിനിയായ ഈ മിടുമിടുക്കി, തന്റെ ഉജ്ജ്വല പ്രകടനത്തിലൂടെ 2028ലെ ലോസാഞ്ചലസ് ഒളിംപിക്സിനും യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. മറുഭാഗത്ത്, മികച്ച പുരുഷ താരത്തിനുള്ള പ്രഥമ രാജാ രണ്‍ധീര്‍ സിംഗ് പുരസ്കാരമാണ് സുജീത് ഗുസ്തിയിലെ സ്വര്‍ണ നേട്ടത്തിലൂടെ സ്വന്തമാക്കിയത്.
ഫൈനല്‍ മത്സരത്തില്‍ തജിക്കിസ്ഥാന്‍ താരത്തിനെതിരെ 2.9ന് പിന്നില്‍ നിന്ന ശേഷം, ഐതിഹാസികമായ തിരിച്ചുവരവിലൂടെയാണ് സുജീത് 10.9ന്റെ സ്കോറില്‍ വിജയവും സ്വര്‍ണവും നേടിയെടുത്തത്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് അധ്യക്ഷ പി ടി ഉഷയാണ് ജേതാക്കളായ താരങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഈ പുരസ്കാരങ്ങള്‍ പിന്നീട് ചടങ്ങില്‍ സമ്മാനിക്കുന്നതായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

