എംസി റോഡിൽ കോഴാ മുതൽ കുറവിലങ്ങാട് വരെ ബിസി നിലവാരത്തിലുള്ള റോഡ് റീ ടാറിങ് പ്രവൃത്തികൾ പുരോഗമിക്കുന്നു. മഴയെത്തുടർന്ന് ആദ്യ ദിനം തടസ്സപ്പെട്ട
നിർമാണ പ്രവർത്തനങ്ങളാണ് ഇന്നലെ വീണ്ടും ആരംഭിച്ചത്. പൊതുാവധി ദിനമായതിനാൽ റോഡിൽ യാത്രാതിരക്ക് കുറവായിരുന്നുവെങ്കിലും ഗതാഗതക്കുരുക്കിന് പൂർണ്ണമായ ശമനമുണ്ടായില്ല.
ഇന്നലെയും കാര്യമായ പൊലീസ് സാന്നിധ്യം ഇല്ലാതിരുന്ന സാഹചര്യത്തിൽ, റോഡ് നവീകരണ ജോലികൾക്കെത്തിയ തൊഴിലാളികളാണ് ഗതാഗതം നിയന്ത്രിച്ചത്. സെൻട്രൽ ജംക്ഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ടാറിങ് പുരോഗമിച്ച വേളയിൽ ഒരു ദിശയിൽ നിന്നുമാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടത്.
ചില സന്ദർഭങ്ങളിൽ ഇവിടെ ചെറിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയുണ്ടായി. കെഎസ്ആർടിസി ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വരിതെറ്റി മുന്നോട്ട് സഞ്ചരിച്ചതാണ് കുരുക്കിന് കാരണമായത്.
അതേസമയം, കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡ് നവീകരണവും എംസി റോഡ് ടാറിങ്ങും ഒരേസമയം എത്തിച്ചേർന്നത് വ്യാപാരികൾക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും യാത്രക്കാർക്കും ഒരുപോലെ ദുരിതമായി മാറിയിട്ടുണ്ട്. മേഖലയിൽ രൂക്ഷമായ പൊടി ശല്യമാണ് നിലവിലുള്ളത്.
പട്ടിത്താനം മുതൽ കുറവിലങ്ങാട് ടൗൺ വരെയും, കുറവിലങ്ങാട് മുതൽ പുതുവേലി വരെയും രണ്ട് റീച്ചുകളായാണ് അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നത്. ഇതിൽ കോഴാ സയൻസ് സിറ്റി, കോഴാ ജംക്ഷൻ, കുറവിലങ്ങാട് ടൗൺ എന്നിവിടങ്ങളിൽ മന്ത്രി മോൻസ് ജോസഫിന്റെ നിർദ്ദേശപ്രകാരമാണ് പൂർണ്ണമായും റീ ടാറിങ് ജോലികൾ പുരോഗമിക്കുന്നത്.
റോഡ് തകർച്ച രൂക്ഷമായ പ്രദേശങ്ങൾ കണ്ടെത്തി മികച്ച നിലവാരത്തിലാണ് ഈ പ്രവൃത്തികൾ നടത്തുന്നത്. കോഴാ സയൻസ് സിറ്റി, വട്ടംകുഴി, ബ്ലോക്ക് ജംക്ഷൻ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം നിർമ്മാണം പൂർത്തിയായി.
റോഡ് നിർമ്മാണ ജോലികൾ ഇന്നും തുടരുന്നതിനാൽ കുറവിലങ്ങാട് ടൗണിൽ കോഴാ മുതൽ പള്ളിക്കവല വരെയുള്ള ഭാഗങ്ങളിൽ കർശന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. എംസി റോഡിൽ കോഴാ മുതൽ പകലോമറ്റം വരെ ചെറിയൊരു തടസ്സം ഉണ്ടായാൽ പോലും ടൗൺ പൂർണ്ണമായും ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന സ്ഥിതിക്ക് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

