മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പുനരന്വേഷണത്തിന്റെ പ്രാരംഭ നടപടികളിലേക്ക് വിജിലൻസ് കടക്കുന്നു. ഇതുസംബന്ധിച്ച പരാതി ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വിജിലൻസ് ഡയറക്ടറേറ്റിലേക്ക് ഔദ്യോഗികമായി കൈമാറി.
കെഎസ്ടിപി അഴിമതി ആരോപണവും പതിബെൽ മാനേജറുടെ ആത്മഹത്യയുമാണ് വിജിലൻസ് സംഘം വിശദമായി പരിശോധിക്കുന്നത്. ഇരുപത് വർഷം പഴക്കമുള്ള കേസിൽ എല്ലാ നിയമവശങ്ങളും സൂക്ഷ്മമായി പരിശോധിച്ച് വളരെ കരുതലോടെയാണ് അന്വേഷണ നീക്കങ്ങൾ പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്. രണ്ട് പതിറ്റാമ്പ് മുൻപ് പിഡബ്ല്യുഡി സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്ന വേളയിൽ കെഎസ്ടിപി കരാറിലുണ്ടായ അഴിമതിയിലും, കരാർ നേടിയ മലേഷ്യൻ കമ്പനിയുടെ ചീഫ് എഞ്ചിനീയറുടെ ദാരുണമായ ആത്മഹത്യയിലുമാണ് ഇപ്പോൾ പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിപക്ഷ പാർട്ടികൾ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിനിടയിലാണ് കേരളത്തിൽ ഈ പുതിയ നിയമനടപടി ഉണ്ടാകുന്നത്. ഹൈക്കമാൻഡുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കെപിസിസി നിർവ്വാഹകസമിതി അംഗമായ മലയൻകീഴ് വേണുഗോപാൽ ആഭ്യന്തരമന്ത്രിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപുള്ള പഴയ ഫയലുകൾ അധികൃതർ വീണ്ടും പരിശോധിക്കുന്നത്. 2006-ൽ കേരള രാഷ്ട്രീയത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചതായിരുന്നു മലേഷ്യൻ കമ്പനിയായ പതിബെൽ ഉൾപ്പെട്ട
കെഎസ്ടിപി അഴിമതി ആരോപണം. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ എംസി റോഡിലെ 127 കിലോമീറ്റർ റോഡ് നിർമ്മാണത്തിനായി 215 കോടി രൂപയുടെ കരാറാണ് പതിബെൽ കൺസോർഷ്യത്തിന് ലഭിച്ചിരുന്നത്.
എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചകളുണ്ടായി. തുടർന്ന് കമ്പനിയുടെ 17 കോടി രൂപയുടെ ബില്ലുകൾ അധികൃതർ തടഞ്ഞുവെക്കുകയുണ്ടായി.
പിഡബ്ല്യുഡി സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തങ്ങളോട് കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് കമ്പനി രംഗത്തുവന്നു. ഈ സമ്മർദ്ദങ്ങൾക്കൊടുവിലാണ് പതിബെലിന്റെ ചീഫ് എഞ്ചിനീയറായിരുന്ന ലീ സി ബിൻ ആത്മഹത്യ ചെയ്തത്.
മലേഷ്യയിലെ സുബാങ് ജയ പാർക്കിന് സമീപമുള്ള തടാകക്കരയിലെ ഇരുമ്പ് പാലത്തിലായിരുന്നു അദ്ദേഹത്തിന്റെ തൂങ്ങിമരണം. കമ്പനി മേധാവി റോസ് ലീക്കും ഭാര്യക്കുമായി ബിൻ രണ്ട് ആത്മഹത്യാ കുറിപ്പുകൾ എഴുതിവെച്ചിരുന്നു.
ഈ കുറിപ്പുകളിൽ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ടെന്ന വിവരങ്ങൾ അന്നേ പുറത്തുവന്നിരുന്നു. ഇടത് സർക്കാരിന്റെ ഭരണകാലത്താണ് ബില്ലുകൾ തടഞ്ഞുവെച്ചതും ഇതുമായി ബന്ധപ്പെട്ട
ഉയർന്ന പരാതികളിൽ വിജിലൻസ് അന്വേഷണം നടന്നതും. എന്നാൽ അന്ന് കാര്യമായ തെളിവുകളൊന്നും കണ്ടെത്താനാവാതെ അവസാനിപ്പിച്ച ആ പഴയ വിജിലൻസ് അന്വേഷണമാണ് സർക്കാർ ഇപ്പോൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഈ പുതിയ അന്വേഷണ നീക്കം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന പ്രത്യേക പദവി ലഭിക്കുന്നതിന് മുൻപുള്ള കാലത്തെ കേസായതിനാൽ നിലവിലെ അന്വേഷണത്തിന് നിയമപരമായ തടസ്സങ്ങളില്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന ഉപദേശം.
വിജിലൻസ് ഡയറക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണത്തിന്റെ ചുമതല. ഈ അന്വേഷണത്തിന്റെ ഓരോ ചുവടുവെപ്പുകളും ദേശീയതലത്തിൽ പോലും ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

