റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിനും സമാദേശം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ ഇന്ത്യയുടെ ഇടപെടൽ കൂടുതൽ സജീവമാക്കിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. കേവലം സമാധാനാഹ്വാനങ്ങൾക്കപ്പുറം ഇരു രാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ എത്തിച്ചേരുന്നതിനുള്ള മുൻകൈ ഇന്ത്യ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മ്യൂണിക്ക് ലീഡേഴ്സ് മീറ്റിംഗിൽ സംസാരിക്കവെയാണ് വിദേശകാര്യ മന്ത്രിയുടെ ഈ നിർണായക പ്രതികരണം ഉണ്ടായത്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് സംസാരിച്ച എസ് ജയശങ്കർ, പതിറ്റാണ്ടുകളുടെ ചരിത്രമുള്ള സൗഹൃദമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ളതെന്ന് ഓർമ്മിപ്പിച്ചു.
“1950കൾ മുതൽ ഇന്ത്യയും റഷ്യയും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. ആ ചരിത്രം നമുക്ക് മറക്കാനാകില്ല.
നമ്മുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണി നേരിട്ട സമയത്ത് സോവിയറ്റ് യൂണിയൻ നമുക്കൊപ്പം നിന്നു.
ലോകരാജ്യങ്ങൾ പലതും നമ്മുടെ അയൽപക്കത്തെ സൈനിക ഭരണകൂടത്തെ പിന്തുണച്ചപ്പോൾ, റഷ്യ മാത്രമാണ് നമ്മളോട് നല്ല ബന്ധം പുലർത്തിയത്. ആ പാരമ്പര്യം നമ്മുടെ ബന്ധത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
ഇന്ന് ഈ ബന്ധം ഒരുപാട് വികസിച്ചു. ഇതൊരു സാമ്പത്തിക ബന്ധം കൂടിയാണ്.
സൈനികം, ആണവം, ബഹിരാകാശം എന്നീ മേഖലകൾക്ക് പുറമെ ഇരു രാജ്യങ്ങളും തമ്മിൽ വലിയ തോതിൽ വ്യാപാരവും നിക്ഷേപവും നടക്കുന്നുണ്ട്. ഊർജ്ജ മേഖലയിലും ഈ സഹകരണം ശക്തമാണ്.
ഇന്ത്യയുടെ അനുഭവം എപ്പോഴും വളരെ പോസിറ്റീവ് ആണ്.” എന്ന് അദ്ദേഹം വിശദീകരിച്ചു. പ്രശ്നപരിഹാരത്തിനായി ഇന്ത്യ നേരിട്ട് നയതന്ത്ര ചർച്ചകൾക്ക് കളമൊരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“വളരെ നിർഭാഗ്യകരമായ ഒരു യുദ്ധമാണ് നമ്മൾ ഇന്ന് കാണുന്നത്. ഈ യുദ്ധം അവസാനിക്കണം എന്നതാണ് നമ്മുടെ നിലപാട്.
അതിന് ചർച്ചകളും നയതന്ത്ര ഇടപെടലുകളും ആവശ്യമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മൾ ഇക്കാര്യം പറയുന്നുണ്ട്.
എന്നാൽ അടുത്ത കാലത്തായി നമ്മൾ കുറച്ചുകൂടി സജീവമായി ഇതിൽ ഇടപെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായും യുക്രൈനുമായും നമ്മൾ സംസാരിക്കുന്നുണ്ട്.
കരിങ്കടലിലെ കപ്പൽ യാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തുടങ്ങി, ധാന്യ-ഊർജ്ജ കയറ്റുമതി, പരസ്പരം ആക്രമിക്കാതിരിക്കാനുള്ള സാധ്യതകൾ എന്നിവയിലെല്ലാം ഇരു രാജ്യങ്ങൾക്കുമുള്ള ആശങ്കകൾ പരിഹരിക്കാൻ നമ്മൾ ശ്രമിക്കുകയാണ്. ഈ ചർച്ചകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്” എന്ന് എസ് ജയശങ്കർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

