എം.സി റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്ന പതിബെൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജറായ ലീ സീ ബീൻ ജീവനൊടുക്കാൻ ഇടയാക്കിയ അഴിമതി ആരോപണത്തിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണത്തിന് കളമൊരുക്കുന്നു. ഇതുമായി ബന്ധപ്പെട്ട
നടപടികളിൽ രണ്ട് ആത്മഹത്യക്കുറിപ്പുകൾ നിർണായക തെളിവുകളാകും. മലേഷ്യയിലെ സുബാങ് റിയ പാർക്കിൽ തടാകത്തിനു സമീപമുള്ള ഇരുമ്പു നടപ്പാലത്തിന് അടിയിൽ വച്ചാണ് 2006-ൽ അദ്ദേഹം ജീവനൊടുക്കിയത്.
സംഭവസ്ഥലത്തുനിന്നും മലേഷ്യയിലെ സുബാങ് ജയ പൊലീസ് രണ്ട് ആത്മഹത്യക്കുറിപ്പുകളാണ് കണ്ടെടുത്തത്. ഇതിലൊന്ന് പതിയുടെ ഡയറക്ടർ റോസ് ലീയ്ക്കുള്ളതായിരുന്നു.
മറ്റൊന്ന് കുടുംബത്തെ ഉദ്ദേശിച്ചുള്ളതുമായിരുന്നു. കേരളത്തിലെ ഉദ്യോഗസ്ഥതലത്തിൽ നിന്നുണ്ടായ കടുത്ത അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ രണ്ട് കത്തുകളിലും വ്യക്തമായി പരാമർശിച്ചിരുന്നു.
കൈക്കൂലി ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ നിരന്തരം പദ്ധതി തടസ്സപ്പെടുത്തുന്നതായി അദ്ദേഹം സഹപ്രവർത്തകരോടും വെളിപ്പെടുത്തിയിരുന്നു. സംഭവസമയത്ത് പൊതുമരാമത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ആയിരുന്നു.
അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുവാൻ സർക്കാർ തീരുമാനിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മലേഷ്യൻ പൊലീസിന്റെ അന്വേഷണത്തിൽ മാനസിക സമ്മർദം മാത്രമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
റോസ് ലീക്ക് അയച്ച കത്തിലെ വരികൾ ഇങ്ങനെയായിരുന്നു: ‘ചെയ്തതിനൊക്കെയും നന്ദി, ഇനി ഞാൻ മരിക്കട്ടെ. ഈ കടുത്ത സമ്മർദം താങ്ങാൻ വയ്യ.
ഇനി കേരളത്തിലേക്കില്ല. അവിടത്തെ ഉദ്യാഗസ്ഥരുമായി ജോലി ചെയ്യുക ശ്രമകരമാണ്.
ഈ പദ്ധതി നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ കഴിയുമെന്ന് കരുതുന്നില്ല. ഞാൻ ജോലി രാജിവയ്ക്കുന്നു.
അങ്ങ് ഇത്രയും കാലം ചെയ്തു തന്ന എല്ലാ സഹായത്തിനും നന്ദി. എന്നോട് ക്ഷമിക്കുക’.
കുടുംബത്തിന് നൽകിയ കുറിപ്പിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ലോക്കർ, പ്രൊവിഡന്റ് ഫണ്ട് എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ഉൾപ്പെടുത്തിയിരുന്നു. പ്രതിമാസം ഏകദേശം രണ്ടര ലക്ഷത്തോളം രൂപ (20000 മലേഷ്യൻ റിങ്കറ്റ്) ശമ്പളം വാങ്ങിയിരുന്ന അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ആത്മഹത്യ സമയത്ത് 1000 റിങ്കറ്റ് മാത്രമാണ് അവശേഷിച്ചിരുന്നത്.
സ്വന്തം ശമ്പളത്തിൽ നിന്നുള്ള തുക പോലും ജീവനക്കാരുടെ വേതനത്തിനായി നൽകിയിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. മലേഷ്യയിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടുതലേദിവസവും അദ്ദേഹം കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
കുടിശിക തുക അനുവദിക്കുക, പതി കമ്പനിക്കെതിരായ നടപടികൾ പിൻവലിക്കുക, നിർമാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ പൂർണ പിന്തുണ നൽകുക എന്നീ മൂന്ന് ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചതെങ്കിലും ഉദ്യോഗസ്ഥർ ഇവ പൂർണ്ണമായി തള്ളി. അർഹമായ കുടിശിക ലഭിക്കാതെ വന്നതോടെ കമ്പനിയും കടുത്ത പ്രതിസന്ധിയിലാവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

