തൃശൂർ ജില്ലയിലെ പാലിയേക്കര ടോൾ പ്ലാസ തമിഴ്നാട്ടിലെ താംബരം മാതൃകയിൽ തടസ്സരഹിതമാക്കുന്ന (ബാരിയർ ഫ്രീ) കാര്യം പരിശോധിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് ജില്ലാ കലക്ടർ ശിഖാ സുരേന്ദ്രൻ നിർദേശം നൽകി. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയപാത ടാസ്ക് ഫോഴ്സ് യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്.
ദേശീയപാത നിർമാണത്തിലെ സുരക്ഷാ പ്രശ്നങ്ങൾ, രൂക്ഷമായ വെള്ളക്കെട്ട്, കാൽനടയാത്രക്കാരുടെ ദുരിതം എന്നിവ സംബന്ധിച്ച് സംയുക്ത പരിശോധനാ സംഘം സമർപ്പിച്ച റിപ്പോർട്ട് പ്രകാരമുള്ള അപാകതകൾ പൂർണമായി പരിഹരിച്ചതായി ദേശീയപാത 66 പ്രോജക്ട് ഡയറക്ടർ യോഗത്തിൽ അറിയിച്ചു. എന്നാൽ, ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടിട്ടുണ്ടോ എന്ന് നേരിട്ടു പരിശോധിച്ച് (ഫിസിക്കൽ വെരിഫിക്കേഷൻ) ഉറപ്പുവരുത്തുന്നതിനായി പൊലീസിനെയും മോട്ടർ വാഹന വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ നടത്തിയ പരിശോധനയിൽ ദേശീയപാത 66ൽ നാലു കിലോമീറ്റർ ദൂരത്തിൽ തെരുവു വിളക്കുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് പുതിയ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രപ്പോസൽ തയാറാക്കി എൻഎച്ച്എഐ ആസ്ഥാനത്തേക്ക് അയക്കുമെന്ന് പ്രോജക്ട് ഡയറക്ടർ വ്യക്തമാക്കി.
ദേശീയപാതയുടെ റൈറ്റ് ഓഫ് വേയ്ക്കു പുറത്തുള്ള ഡ്രെയ്നേജ് കണക്ടിവിറ്റി പ്രവൃത്തികൾ നടപ്പാക്കുന്നതിനായി എൻഎച്ച്എഐയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്ത പരിശോധന നടത്തി എസ്റ്റിമേറ്റ് സമർപ്പിക്കാൻ എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനീയർക്ക് കലക്ടർ നിർദേശം നൽകി. കൂടാതെ, ദേശീയപാതകളിൽ ലോറികളും ട്രക്കുകളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി പൊലീസ്, മോട്ടർ വാഹന വകുപ്പ്, റവന്യു വകുപ്പ്, എൻഎച്ച്എഐ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.
ഇതിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ ബൈപാസിനോടു ചേർന്ന് 6000 ചതുരശ്ര അടി സ്ഥലം കണ്ടെത്തിയതായി എൻഎച്ച്എഐ അധികൃതർ അറിയിച്ചു. യോഗത്തിൽ പൊലീസ്, മോട്ടർ വാഹന വകുപ്പ്, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും എൻഎച്ച്എഐ പ്രതിനിധികളും സന്നിഹിതരായിCരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

