ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകം വാണിജ്യ സിലിണ്ടറുകളിലേക്ക് മാറ്റി വിൽപ്പന നടത്തിയ നിയമവിരുദ്ധ സംഘം പിടിയിൽ. കരീലക്കുളങ്ങര പൊലീസ് എരുവയിൽ നടത്തിയ പരിശോധനയിലാണ് വൻ തോതിലുള്ള ക്രമക്കേട് കണ്ടെത്തിയത്.
സംഭവത്തിൽ 54 സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പത്തിയൂർ എരുവ മണ്ണാഞ്ചി സുരേഷിന്റെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ പിടികൂടിയത്.
പുതിയിടത്തിന് സമീപമുള്ള ഗ്യാസ് ഏജൻസിയിലെ ഡ്രൈവറാണ് സുരേഷ്. ഏജൻസിയിൽ നിന്ന് വീടുകളിൽ ഗ്യാസ് എത്തിച്ചു നൽകുന്നത് സുരേഷാണ്.
വീടുകളിൽ വിതരണം ചെയ്യേണ്ട സിലിണ്ടറുകളിൽ നിന്ന് രണ്ടും മൂന്നും കിലോ വീതം പാചകവാതകം ചോർത്തി വാണിജ്യ സിലിണ്ടറുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
വീട്ടിൽ തന്നെയാണ് ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നത്. ഒരു സിലിണ്ടറിൽ നിന്ന് മറ്റൊരു സിലിണ്ടറിലേക്ക് ഗ്യാസ് നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന പൈപ്പുകളും ഇവിടെ നിന്നും കണ്ടെടുത്തു.
ബിപിസിഎൽ, ഐഒസി എന്നീ കമ്പനികളുടെ സീലുള്ള സിലിണ്ടറുകളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. തൃക്കുന്നപ്പുഴ സിഐ ശ്രീകുമാർ, എസ്ഐ ബക്കർഷെരീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്.
പിടിച്ചെടുത്ത സിലിണ്ടറുകൾ തുടർനടപടികൾക്കായി സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

