പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ഹോർമൂസ് കടലിടുക്കിൽ വീണ്ടും രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. കുവൈത്ത് പതാക വഹിച്ചിരുന്ന കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചു.
ഖമീസ ത്രി എന്ന് പേരുള്ള കപ്പലാണ് ആക്രമണത്തിന് ഇരയായത്. ഒമാൻ തീരത്തോട് ചേർന്ന് തുറമുഖത്ത് നിന്ന് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായതും തുടർന്ന് തീപിടുത്തമുണ്ടായതും.
എന്നാൽ കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. ഹോർമൂസ് മേഖലയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു എണ്ണക്കപ്പലിന് നേരെയും സമാനമായ രീതിയിൽ ആക്രമണമുണ്ടായത്.
ഈ കപ്പലിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മറുഭാഗത്ത് സൗദി അറേബ്യയിൽ ഹൂതികളുടെ ആക്രമണ പരമ്പരകൾ തുടരുകയാണ്.
നജ്റാൻ പ്രവിശ്യയിൽ ഒരു വിദ്യാലയത്തിന് മുകളിലാണ് ഡ്രോൺ അവശിഷ്ടം പതിച്ചത്. ഇവിടെ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
എന്നാൽ അസീർ പ്രവിശ്യയിൽ പള്ളിക്ക് മേൽ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടം പതിച്ചുണ്ടായ സ്ഫോടനത്തിൽ ഏഷ്യക്കാരനായ പ്രവാസിക്ക് പരിക്കേറ്റു. ഈ സംഭവത്തിൽ പ്രദേശത്തെ നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

