കാസർകോട് ജില്ലയിൽ ദേശീയപാത വികസന പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതായി വ്യാപക പരാതി. തലപ്പാടി – ചെങ്കള ആദ്യ റീച്ച് ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിർമാണം പൂർത്തിയായിട്ടില്ല.
തലപ്പാടിയിൽ നിന്ന് വേഗത്തിൽ ചെർക്കളയിലെത്തുന്ന വാഹനങ്ങൾക്ക് മേൽപ്പാലത്തിന്റെയും ബേവിഞ്ച ഭാഗത്തെയും പണികൾ വൈകുന്നതുമൂലം തടസ്സം നേരിടുകയാണ്. ചെർക്കള – ചട്ടഞ്ചാൽ റീച്ചിൽ സർവീസ് റോഡുകളും ഓവുചാലുകളും ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികൾ പലയിടത്തും അപൂർണ്ണമാണ്.
പെരിയ ടൗണിലും സർവീസ് റോഡ് നിർമാണം പാതിവഴിയിലാണ്. കല്യോട്ട് റോഡിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ജില്ലാ ആശുപത്രിക്ക് മുന്നിലെ റോഡ് നവീകരണവും യാത്രാപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആശുപത്രിക്ക് മുന്നിൽ മേൽപ്പാലം നിർമിക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.
ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, നഗരസഭാധ്യക്ഷൻ വി.വി.രമേശൻ എന്നിവർ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ മേനടപ്പാലം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
മാവുങ്കാലിൽ സർവീസ് റോഡ് നിർമാണം വൈകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ദിശാസൂചന ബോർഡുകൾ ഇല്ലാത്തത് രാത്രികാലങ്ങളിൽ യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
നീലേശ്വരം മാർക്കറ്റ് ജംക്ഷനിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം 194–ാം ദിനത്തിൽ എത്തിനിൽക്കുകയാണ്. കരിയങ്കോട് പാലം മുതൽ കാലിക്കടവ് വരെയുള്ള മേഖലകളിൽ പുനഃക്രമീകരണ ജോലികൾ പുരോഗമിക്കുന്നുണ്ടെങ്കിലും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ പ്രധാന പാതയിലെ നിർമാണവുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രതിരോധം തീർക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

