കാലടി: എംസി റോഡിലെ മരോട്ടിച്ചോടിൽ അപകട ഭീഷണി ഉയർത്തി തടിലോറികളുടെ അനധികൃത പാർക്കിങ് വ്യാപകമാകുന്നു.
ഇവിടത്തെ വേ ബ്രിഡ്ജിനു മുന്നിൽ റോഡരികിൽ തടി കയറ്റിയ ലോറികൾ നിരയായി കിടക്കുന്നത് പതിവു കാഴ്ചയാണ്. രാത്രി 8 കഴിഞ്ഞാൽ ലോറികളുടെ നീണ്ട
നിരയായിരിക്കും ഇവിടെ കാണാനാകുക. ഇതിന് എതിർവശത്തെ സിഎൻജി പമ്പിലേക്കുള്ള വാഹനങ്ങളുടെ നിരയും റോഡരികിൽ മിക്കവാറുമുണ്ടാകും.
ഇരുവശത്തും വാഹനങ്ങൾ നിരന്നു കിടക്കുന്നതു കാരണം എംസി റോഡിലൂടെയുള്ള യാത്രാഗതാഗതം അതീവ ദുഷ്കരമായി മാറിയിരിക്കുകയാണ്. ഇവിടെ റോഡിന്റെ ഒരു വശത്തു മാത്രമേ വൈദ്യുതി വിളക്കുകളുള്ളൂ.
അത് പലതും തെളിയുന്നില്ല എന്നതും സ്ഥിതി കൂടുതൽ വഷളാക്കുന്നു. അതിനാൽ റോഡരികിൽ കിടക്കുന്ന തടി ലോറികൾ രാത്രികാലങ്ങളിൽ യാത്രികരുടെ ശ്രദ്ധയിൽപ്പെടാൻ പ്രയാസമാണ്.
വാഹനങ്ങൾ രാത്രി തോന്നിയപോലെയാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾ അടുത്ത് എത്തുമ്പോഴാണ് പെട്ടെന്ന് തടിലോറികൾ കാണുക.
വേ ബ്രിഡ്ജിൽ 3 ലോറികൾക്ക് പാർക്ക് ചെയ്യാം. എന്നാൽ ഭാരം തൂക്കിയതിനു ശേഷം ലോറികൾ ഉടൻ തന്നെ പോകാറില്ല.
തടിക്കച്ചവടത്തിനായി ലോറികൾ ചിലപ്പോൾ മണിക്കൂറുകൾ ഇവിടെ കിടക്കേണ്ടിവരുന്നുണ്ട്. രാത്രിയായാൽ പ്രദേശം പൂർണ്ണമായും ലോറിക്കാർ കയ്യടക്കുന്ന സ്ഥിതിയാണ്.
റോഡരികിൽ ലോറികൾ നിരന്നു കിടക്കുന്നതു കാരണം കാൽനടക്കാർ പോലും ഇതുവഴി നടന്നുപോകാൻ പറ്റാത്ത അവസ്ഥയിലാണ്. ചില ലോറികളിൽനിന്ന് തടി അരികിലേക്ക് നീണ്ടു നിൽക്കുന്നുണ്ടാകും.
എന്നാൽ ഇത് തിരിച്ചറിയാൻ യാതൊരുവിധ സുരക്ഷാ മുന്നറിയിപ്പുകളും ഇവിടെ ഉണ്ടാകാറില്ല. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
ഇരുവശത്തെയും പാർക്കിങ്ങിന് ഇടയിലൂടെ പോവുകയായിരുന്ന രണ്ട് കാറുകൾ കഴിഞ്ഞ ദിവസം രാത്രി കൂട്ടിയിടിക്കുകയുണ്ടായി. തലനാരിഴയ്ക്കാണ് അന്ന് യാത്രക്കാർ രക്ഷപ്പെട്ടത്.
നാട്ടുകാർ പരാതിപ്പെടുമ്പോൾ മാത്രമാണ് പൊലീസെത്തുന്നത്. എന്നാൽ അപകടം ഉണ്ടായതിനു ശേഷം വന്നിട്ടു കാര്യമില്ലെന്നും, അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് വേണ്ടതെന്നുമാണ് നാട്ടുകാർ ശക്തമായി ചൂണ്ടിക്കാട്ടുന്നത്.
രാത്രികാലങ്ങളിൽ പൊലീസിന്റെ ശക്തമായ നിരീക്ഷണം ഇവിടെ വേണമെന്ന് നാട്ടുകാർ നിർദേശിച്ചു. അപകടകരമായ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അധികം നേരം റോഡരികിൽ തടഞ്ഞുനിർത്തുന്നതും കർശനമായി നിയന്ത്രിക്കണം.
നേരത്തെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥർ വാഹനത്തിൽ മരോട്ടിച്ചോട് ഭാഗത്ത് മിക്കപ്പോഴും ഉണ്ടാകാറുണ്ടായിരുന്നു. എന്നാൽ അപകടങ്ങൾ വർധിച്ചപ്പോൾ ഇപ്പോൾ ഉദ്യോഗസ്ഥരെ ഈ ഭാഗത്ത് കാണാനേയില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശത്ത് അടിയന്തരമായി സിസിടിവി ക്യാമറ നിരീക്ഷണം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

