ചെന്നൈ∙ ധരാപുരം ഉപതിരഞ്ഞെടുപ്പിൽ ടിവികെയുടെ സ്ഥാനാർഥിയായ സത്യഭാമയെ ലക്ഷ്യംവച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ നടത്തിയ പരാമർശം രാഷ്ട്രീയ രംഗത്ത് കടുത്ത വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ടിവികെ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒരു ദലിത് വനിതാ സ്ഥാനാർഥിയെ അവരുടെ ശരീരപ്രകൃതിയുടെ പേരിൽ അപമാനിച്ചുവെന്നും സ്റ്റാലിൻ പരസ്യമായി മാപ്പ് പറയണമെന്നുമാണ് പാർട്ടിയുടെ ആവശ്യം.
നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർഥിയായി ധരാപുരം മണ്ഡലത്തിൽനിന്ന് വിജയിച്ച സത്യഭാമ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോൾ എംഎൽഎ സ്ഥാനം രാജിവച്ച് ഭരണകക്ഷിയായ ടിവികെയിലേക്ക് കൂറുമാറിയിരുന്നു. ഇതിനെത്തുടർന്ന് ഒഴിവുവന്ന സീറ്റിലാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവിൽ ധരാപുരത്തെ ടിവികെ സ്ഥാനാർഥിയായി ജനവിധി തേടുന്നത് സത്യഭാമയാണ്. ധരാപുരത്ത് ഡിഎംകെ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സ്റ്റാലിൻ വിവാദ പരാമർശങ്ങൾ നടത്തിയത്.
ധരാപുരത്ത് ടിവികെ വലിയ തോതിൽ കുതിരക്കച്ചവടം നടത്തിയെന്നും എഐഎഡിഎംകെയിൽ വലിയ രീതിയിലുള്ള പിളർപ്പുണ്ടാക്കിയെന്നും സ്റ്റാലിൻ ആരോപിച്ചു. ഇതിനുശേഷമാണ് സത്യഭാമയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടായത്.
‘‘സത്യത്തിനു വിരുദ്ധമായി പ്രവർത്തിച്ച അവരുടെ സ്ഥാനാർഥിയെ നിങ്ങൾ ഇപ്പോൾ ‘സൂട്ട്കേസ് ഭാമ’ എന്നാണ് വിളിക്കുന്നത്. അതുമാത്രമല്ല, സമ്മർ സോൾട്ട് ഭാമ എന്നൊരു പേരുകൂടി അവർക്കുണ്ട്.
ഈ ശരീരം വച്ച് അവർ എങ്ങനെ സമ്മർ സോൾട്ട് നടത്തി എന്ന് എനിക്ക് അറിയില്ല’’– ഇതായിരുന്നു സ്റ്റാലിന്റെ വാക്കുകൾ. സ്റ്റാലിന്റെ ഭാഗത്തുനിന്നുള്ള ഈ അധിക്ഷേപ പരാമർശത്തിനെതിരെ ടിവികെ നേതൃത്വം കടുത്ത അമർഷം പ്രകടിപ്പിച്ചു.
സ്റ്റാലിൻ സത്യഭാമയെ ശരീരത്തിന്റെ പേരിൽ പരസ്യമായി അധിക്ഷേപിച്ചുവെന്ന് ടിവികെ നേതാവും ആരോഗ്യ മന്ത്രിയുമായ അരുൺ രാജ് കുറ്റപ്പെടുത്തി. ഇത് രാജ്യത്തെ മുഴുവൻ സ്ത്രീകൾക്കും ദലിത് സമൂഹത്തിനുമെതിരെയുള്ള കടുത്ത അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനാൽ സ്റ്റാലിൻ മാപ്പ് പറയണമെന്നും ടിവികെ ആവശ്യപ്പെട്ടു. വിജയ് സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ പ്രതിപക്ഷ നിരയിലെ ചില എംഎൽഎമാർ തങ്ങളുടെ നിയമസഭാ സീറ്റുകൾ രാജിവച്ച് ടിവികെയ്ക്കൊപ്പം ചേർന്നത് വലിയ ചർച്ചയായിരുന്നു.
ഇത് വലിയ തോതിലുള്ള കുതിരക്കച്ചവടമാണെന്ന് ഡിഎംകെയും എഐഎഡിഎംകെയും സംയുക്തമായി ആരോപിച്ചിരുന്നുവെങ്കിലും ടിവികെ ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു. നിലവിൽ ഒഴിവുവന്ന സീറ്റുകളിൽ ധരാപുരം, മധുരാന്തകം എന്നീ രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ മണ്ഡലങ്ങളിൽ മുൻ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച അതേ വ്യക്തികൾ തന്നെയാണ് ഇത്തവണയും ടിവികെയ്ക്കായി ജനവിധി തേടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

