കാലം കരുതിവെച്ച അവിശ്വസനീയമായ ഒരു നിയോഗം പോലെയാണ് പേരാമ്പ്രയിൽ നിന്നും എടക്കരയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ. കറന്റ് ബില്ല് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വീട്ടിൽ സോളർ പാനൽ സ്ഥാപിക്കാൻ തീരുമാനിച്ച ചിത്രകാരൻ ബഷീർ ചിത്രകൂടത്തിന്റെ ജീവിതത്തിലേക്കാണ് നാലു വർഷത്തിന് ശേഷം നഷ്ടപ്പെട്ട
സ്വർണമാല തിരിച്ചെത്തിയത്. നാലു വർഷം മുൻപ് പേരാമ്പ്ര എരവട്ടൂർ പാറപ്പുറം റോഡിലെ കുറ്റിവയൽ സ്വദേശി ബഷീറിന്റെ ഭാര്യ ഫാത്തിമയുടെ ഒരു പവൻ സ്വർണമാല നഷ്ടപ്പെട്ടിരുന്നു.
അന്ന് വീടും പറമ്പും മുഴുവൻ പരിശോധിച്ചെങ്കിലും ആഭരണം കണ്ടെത്താനായിരുന്നില്ല. തുടർന്ന് അടുത്തിടെ വീട്ടിൽ സോളർ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
വീടിനോടു ചേർന്നു കുഴിയെടുത്ത് എർത്ത് സ്ഥാപിച്ചെങ്കിലും കെഎസ്ഇബി അധികൃതരുടെ നിർദ്ദേശപ്രകാരം ഇത് മാറ്റി സ്ഥാപിക്കേണ്ടി വന്നു. തുടർന്ന് വീടിന്റെ മുറ്റത്ത് വിരിച്ചിരുന്ന കടപ്പ കല്ല് മാറ്റി എർത്തിനായി വീണ്ടും കുഴിയെടുത്തു.
ഒന്നരയടി താഴ്ചയിൽ എത്തിയപ്പോൾ മണ്ണിനടിയിൽ നിന്നും സ്വർണമാല തെളിഞ്ഞുവരികയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന ഇലക്ട്രീഷ്യൻ കായണ്ണ സ്വദേശി സുബീഷ് മാല എടുത്ത് ബഷീറിനെ ഏൽപിക്കുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ, എടക്കരയിൽ നിന്നും നഷ്ടപ്പെട്ട സ്വർണാഭരണവും ഒടുവിൽ ഉടമയ്ക്ക് തിരികെ ലഭിച്ചു.
വീടുകളിൽനിന്നു ശേഖരിച്ച പഴയ തുണികൾ തരംതിരിക്കുന്നതിനിടെയാണ് എടക്കര പഞ്ചായത്ത് ഹരിതകർമ സേനാംഗം ഷിജിക്ക് രണ്ടു പവനിലേറെ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ലഭിച്ചത്. ഉടൻ തന്നെ ഇവർ ഇത് പഞ്ചായത്ത് ഓഫിസിലെത്തി അധികൃതർക്ക് കൈമാറി.
അധികൃതർ ഔദ്യോഗികമായി അറിയിപ്പ് നൽകിയെങ്കിലും ഏറെക്കാലം അവകാശികൾ ആരും എത്തിയിരുന്നില്ല. തുടർന്ന് രണ്ടു ഭരണസമിതികളുടെ കാലയളവിന് സാക്ഷിയായി ആഭരണങ്ങൾ പഞ്ചായത്ത് ഓഫിസിലെ അലമാരയിൽ ഭദ്രമായി സൂക്ഷിക്കുകയായിരുന്നു.
കഴിഞ്ഞദിവസം എടക്കര കൗക്കാട് സൂര്യമംഗലത്തുവീട്ടിൽ അമൃതയും പിതാവ് അശോകനും ആഭരണങ്ങൾ തങ്ങളുടേതാണെന്നതിനുള്ള കൃത്യമായ തെളിവുകളുമായി പഞ്ചായത്ത് ഓഫിസിൽ എത്തുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഹരിദാസിന്റെയും മറ്റ് ജനപ്രതിനിധികളുടെയും ഹരിതകർമ സേനാംഗങ്ങളുടെയും പഞ്ചായത്ത് ജീവനക്കാരുടെയും സാന്നിധ്യത്തിൽ സ്വർണാഭരണം ഔദ്യോഗികമായി ഉടമകൾക്ക് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

