എണ്ണപ്പാടങ്ങളുടെ നാട്ടിലെ പെട്രോളിന്റെ ഉയർന്ന വില ഇപ്പോൾ പ്രവാസികളിലും കേരളത്തിലും ഒരുപോലെ ചർച്ചയാകുന്നു. രാജ്യത്ത് നിലവിലുള്ള ഇന്ധനവിലയേക്കാൾ ഉയർന്ന നിരക്കാണ് ഇപ്പോൾ യുഎഇയിൽ രേഖപ്പെടുത്തുന്നത്.
അമേരിക്കൻ ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിൽ ഉണ്ടായ ഇടിവാണ് യുഎഇയിലെ പെട്രോൾ വില കണക്കാക്കുമ്പോൾ നാട്ടിൽ തന്നെ ഇന്ധനം വാങ്ങുന്നത് ലാഭകരമാക്കുന്ന പ്രധാന ഘടകം. കഴിഞ്ഞ 4 വർഷത്തിനിടെ ആദ്യമായാണ് യുഎഇയിൽ പെട്രോൾ വില ലീറ്ററിന് 4 ദിർഹം കടക്കുന്നത്.
റഷ്യ – യുക്രെയ്ൻ യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ വില 4.53 ദിർഹത്തിലെത്തിയിരുന്നു. സെപ്റ്റംബറിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
വിവിധ ഗ്രേഡ് പെട്രോളിന് ലീറ്ററിന് 60 ഫിൽസ് വീതം വർധിച്ചു. അതായത്, ഒറ്റയടിക്ക് ലീറ്ററിന് 16 രൂപയുടെ വർധനവാണിത്.
യുഎഇയിൽ സൂപ്പർ 98 പെട്രോളിന് 4.40 ദിർഹവും സ്പെഷൽ 95ന് 4.28 ദിർഹവും ഇ പ്ലസ് 91ന് 4.21 ദിർഹവുമാണു പുതുക്കിയ നിരക്കുകൾ. ഇത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ യഥാക്രമം 115.5 രൂപ, 112.35 രൂപ, 110.51 രൂപ എന്നിങ്ങനെ വരുന്നു.
എന്നാൽ കേരളത്തിലെ കൊച്ചിയിൽ പെട്രോൾ വില ലീറ്ററിന് 113.63 രൂപയാണ്. ഇതിനു മുൻപ് 2022ൽ പെട്രോൾ വില 4.63 ദിർഹത്തിലെത്തിയതായിരുന്നു മുൻകാല റെക്കോർഡ്.
ഹോർമുസ് കടലിടുക്കും ചെങ്കടലും സംഘർഷഭരിതമായതും ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നതകളും രാജ്യാന്തര വിപണിയിലെ ഇന്ധനവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ മാസം അവസാന വാരത്തോടെ പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും യുദ്ധഭീതി വീണ്ടും ശക്തമായി.
ഇത് ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിന് കാരണമായി. ഒക്ടോബറിലെ ഇന്ധനവില വർധനവിന്റെ പ്രധാന കാരണം രാജ്യാന്തര വിപണിയിലെ ഈ സമ്മർദമാണ്.
എണ്ണ കൃത്യമായി കയറ്റുമതി ചെയ്യാൻ കഴിയാത്ത സാഹചര്യം, നാവിക ഉപരോധങ്ങൾ, എണ്ണ ടാങ്കറുകൾക്കു നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ എന്നിവ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ റിഫൈനറികൾ, എണ്ണപ്പാടങ്ങൾ, ഇന്ധനപ്ലാന്റുകൾ, സൗദിയിലെ എണ്ണ പൈപ്പ് ലൈൻ എന്നിവയ്ക്കു നേരെയുണ്ടായ ആക്രമണങ്ങളും ലോക എണ്ണ വിപണിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
യുദ്ധം ആരംഭിച്ചതു മുതൽ ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 100 ഡോളറിന് മുകളിലാണ്. ലോകത്ത് ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകുന്ന രാജ്യങ്ങളിൽ ഒന്നായ ഇറാനിൽ പോലും സർക്കാർ നൽകുന്ന സബ്സിഡി കാരണം മാത്രമാണ് വലിയ വിലക്കയറ്റം ഇല്ലാതിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

