പാക്കിസ്ഥാനുമായുള്ള നയതന്ത്ര, വാണിജ്യബന്ധം വഷളായതോടെ രാജ്യാന്തര വ്യാപാരത്തിനായി പുത്തൻ വഴികൾ തേടുകയാണ് അഫ്ഗാനിസ്ഥാൻ ഭരണകൂടം. പാക്കിസ്ഥാനിലേക്കായിരുന്നു നേരത്തേ അഫ്ഗാൻ വ്യാപാരികൾ ഏറ്റവുമധികം കയറ്റുമതി നടത്തിയിരുന്നത്.
പാക്കിസ്ഥാൻ മുഖേന റോഡ് മാർഗം ഇന്ത്യയിലേക്കും പാക്കിസ്ഥാനിലെ കറാച്ചി ഉൾപ്പെടെയുള്ള തുറമുഖങ്ങൾ വഴി മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി നടത്തിയിരുന്നു. പരസ്പരം അതിർത്തി സംഘർഷം ശക്തമായതോടെയാണ് പാക്കിസ്ഥാനും അഫ്ഗാനും തമ്മിലെ വാണിജ്യബന്ധവും നിലച്ചത്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതിക്കായി ഇറാനിലെ ചബഹാർ, ബന്ദർ അബ്ബാസ് തുറമുഖങ്ങൾ ഉപയോഗിക്കാനാണ് അഫ്ഗാൻ ഇപ്പോൾ ഒരുങ്ങുന്നത്. ഇതിനുള്ള ചർച്ചകൾക്കായി ഇറാനിൽ അഫ്ഗാൻ ഭരണകൂടം പ്രത്യേക പ്രതിനിധിയെ നിയോഗിച്ചെന്ന് കബൂളിലെ ഇറാൻ ആക്ടിങ് അംബാസഡർ അലിറേസ ബിക്ദേലി പറഞ്ഞു.
ഇറാനും അഫ്ഗാനും തമ്മിലെ വ്യാപാരബന്ധവും ശക്തമാക്കാനായി ഇറാന്റെ വ്യവസായ മന്ത്രി അടബെക്കുമായി ചർച്ച നടത്തിയെന്ന് അഫ്ഗാൻ വ്യവസായ, വാണിജ്യ മന്ത്രി നൂറുദ്ദീൻ അസീസിയും വ്യക്തമാക്കി. നിലവിൽ 300 കോടി ഡോളർന്റേതാണ് ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ഇടപാടുമൂല്യം.
ഇന്ത്യയുടെ നിക്ഷേപ, നിയന്ത്രണ പങ്കാളിത്തമുള്ള ടെർമിനൽ കൂടി ഉൾപ്പെടുന്നതാണ് ചബഹാർ തുറമുഖം. നിലവിൽ ചബഹാറിന് യുഎസ് ഭരണകൂടത്തിന്റെ ഉപരോധമുണ്ട്.
ഇതു ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടും ട്രംപ് ഭരണകൂടം വഴങ്ങിയിട്ടില്ല. യുഎസിന്റെ ഈ കടുംപിടിത്തം ചബഹാറിലെ ഇന്ത്യയുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്.
പാക്കിസ്ഥാനു പകരം മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരവും അഫ്ഗാൻ കൂട്ടിയിട്ടുണ്ട്. ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവ ഉൾപ്പെടെയുള്ള മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം 2026ന്റെ ആദ്യ 5 മാസക്കാലത്ത് 127 കോടി ഡോളർആയെന്ന് അഫ്ഗാൻ വ്യാപാര മന്ത്രാലയ വക്താവ് അബ്ദുസലാം ജവാദ് അഖുൻഡ്സാദ അറിയിച്ചു.
ഇതിൽ 120 കോടി ഡോളർന്റേത് അഫ്ഗാനിസ്ഥാനിലേക്കുള്ള ഇറക്കുമതിയാണ്. 74 മില്യൻ ഡോളർന്റേത് അഫ്ഗാനിൽ നിന്നുള്ള കയറ്റുമതിയും.
നേരത്തേ അഫ്ഗാൻ ഏറ്റവുമധികം ഇറക്കുമതി നടത്തിയിരുന്നത് പാക്കിസ്ഥാനിൽ നിന്നായിരുന്നു. പാക്കിസ്ഥാന് ലഭിക്കേണ്ട
വ്യാപാരവും വരുമാനവുമാണ് മധ്യേഷ്യൻ രാജ്യങ്ങൾ ഇപ്പോൾ നേടുന്നത്. പഴങ്ങൾ, ഡ്രൈ ഫ്രൂട്സ്, വിവിധയിനം ജ്യൂസുകൾ, കിഴങ്ങ്, സവാള, ഔഷധ സസ്യങ്ങൾ, കായം എന്നിവയാണ് അഫ്ഗാൻ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
മധ്യേഷ്യയിലേക്കുള്ള കയറ്റുമതി കൂടിയെങ്കിലും ഉഭയകക്ഷി ബാങ്കിങ് സംവിധാനങ്ങളുടെ കുറവ്, ഉയർന്ന ചരക്കുകൂലി എന്നിവ വരുമാനത്തെ ബാധിക്കുന്നുണ്ടെന്ന് അഫ്ഗാൻ വ്യാപാരിയായ മഹബൂബുല്ല മൊഹമ്മദി അഭിപ്രായപ്പെട്ടു. നേരത്തേ പരമ്പരാഗതമായി പാക്കിസ്ഥാനെ ആശ്രയിച്ചാണ് അഫ്ഗാന്റെ മുന്തിയപങ്ക് വ്യാപാരവും ഉണ്ടായിരുന്നതെന്നും ഇപ്പോൾ വിപണി വൈവിധ്യവൽക്കരണം അനിവാര്യമായി മാറിയത് ഭാവിയിൽ ഗുണം ചെയ്യുമെന്നും സാമ്പത്തിക വിദഗ്ധനായ അബ്ദുൽ ഗഫാർ നെസാമി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

