പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബംഗാൾ സെക്രട്ടേറിയറ്റിൽ പ്രവേശിക്കുകയും മന്ത്രിയെ നേരിൽ കാണുകയും ചെയ്ത യുവതി പിടിയിലായി. ബുധനാഴ്ചയാണ് വ്യാജ തിരിച്ചറിയൽ രേഖയുടെ സഹായത്തോടെ അകങ്ഷ വിദ്യാർഥി (30) ബംഗാൾ പൊതുമരാമത്ത് മന്ത്രി ഡോ.
അജയ് കുമാർ പോഡ്ഡറുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചത്. സംഭാഷണത്തിനിടയിൽ യുവതിയുടെ പെരുമാറ്റത്തിലും സംസാരത്തിലും മന്ത്രിക്ക് അസ്വാഭാവികത തോന്നിയതാണ് വഴിത്തിരിവായത്.
തുടർന്ന് മന്ത്രി കൂടുതൽ വിവരങ്ങൾ ആരായാൻ തുടങ്ങിയതോടെ യുവതി പെട്ടെന്ന് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ മന്ത്രിയുടെ ഓഫിസ് അധികൃതർ സംഭവത്തെക്കുറിച്ച് പൊലീസിൽ ഔദ്യോഗികമായി വിവരം അറിയിച്ചു.
തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ യുവതി ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതായി വ്യക്തമായി. ആൾമാറാട്ടം നടത്തുക, വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുക തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി ബംഗാൾ പൊലീസ് ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു.
വ്യാഴാഴ്ചയോടെ ബംഗാളിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം ഡൽഹിയിലെത്തി യുവതിയുടെ വസതിയിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇത്തരത്തിൽ വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്താൻ ഉണ്ടായ യഥാർത്ഥ ലക്ഷ്യമെന്താണെന്ന് കണ്ടെത്താൻ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ഹൗറ സിറ്റി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

