ഉയർന്ന പ്രതിമാസ വരുമാനമുള്ളവർക്ക് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടാകില്ലെന്ന പൊതുധാരണ തിരുത്തുന്നതാണ് ഒരു യുവ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. കൈയ്യിൽ 1.3 ലക്ഷം രൂപ ശമ്പളം ലഭിച്ചിട്ടും മാസാന്ത്യത്തിൽ കയ്യിൽ പണമില്ലാതെ പ്രയാസപ്പെടുന്ന ഇദ്ദേഹത്തിന്റെ ബജറ്റ് കണക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്.
“ചെറുപ്പത്തിൽ പ്രതിമാസം 1.3 ലക്ഷം രൂപ എന്നത് എനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത തുകയായിരുന്നു. ഇത്രയും തുക സമ്പാദിച്ചാൽ പിന്നെ പണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടി വരില്ലെന്ന് ഞാൻ കരുതുകയും ചെയ്തു.
എന്നാൽ, ഇന്ന് ആ പണം എങ്ങോട്ടാണ് പോകുന്നെന്ന് എനിക്ക് മനസ്സിലാകുന്നില്ല,” എന്നാണ് യുവാവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്. തന്റെ വരുമാനത്തിൽ നിന്ന് ഓരോ മാസവും ഉണ്ടാകുന്ന വിവിധ ചെലവുകളുടെ കൃത്യമായ കണക്കുകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
* വീട്ടുവാടക: ₹30,000
* ഇ.എം.ഐ : ₹15,000
* കുടുംബത്തിനായുള്ള ചെലവ്: ₹12,000
* എസ്.ഐ.പി / നിക്ഷേപങ്ങൾ: ₹10,000
* പലവ്യഞ്ജനങ്ങൾ / ഭക്ഷണം: ₹8,000
* യാത്രാചെലവ് / പെട്രോൾ: ₹7,000
* കറന്റ്, ഇന്റർനെറ്റ്, ഫോൺ ബില്ലുകൾ: ₹6,000
* ഇൻഷുറൻസ് / വൈദ്യചെലവുകൾ: ₹5,000
* വസ്ത്രങ്ങൾ, വീട്ടുസാധനങ്ങൾ: ₹5,000
* കാരണമറിയാത്ത യു.പി.ഐ പേയ്മെന്റുകൾ: ₹5,000
* പുറത്തുനിന്നുള്ള ഭക്ഷണം: ₹4,000
* ഒ.ടി.ടി സബ്സ്ക്രിപ്ഷനുകൾ: ₹3,000
* മറ്റ് ചെലവുകൾ : ₹10,000
ഇങ്ങനെ ആകെ ചെലവ് ₹1,20,000 രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ച ചെലവുകൾക്ക് ശേഷം മാസാന്ത്യത്തിൽ ബാക്കിവരുന്ന 10,000 രൂപ അടിയന്തിര ആവശ്യങ്ങൾക്ക് പോലും തികയുന്നില്ലെന്നാണ് യുവാവ് തുറന്നുപറയുന്നത്.
“ഇതിനിടയിൽ 250 രൂപയുടെ ഒരു ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ പോലും സാമ്പത്തികമായി അത് താങ്ങാനാകുമോയെന്ന് എനിക്ക് ചിന്തിക്കേണ്ടി വരുന്നു. വലിയ ആഡംബരങ്ങളൊന്നും എനിക്കില്ല, എന്നാൽ നൂറുകണക്കിന് ചെറിയ ചെലവുകൾ ചേർന്ന് എന്റെ ശമ്പളം തീർക്കുകയാണ്.
സാമ്പത്തിക ഉത്തരവാദിത്തങ്ങൾ വരുമ്പോഴാണ് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നതിലെ യാഥാർത്ഥ്യം ബോധ്യപ്പെടുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് വിവിധ നിർദ്ദേശങ്ങളുമായി രംഗത്തെത്തിയത്.
മാസം 3,000 രൂപ സബ്സ്ക്രിപ്ഷനുകൾക്കായി മാറ്റിവെക്കുന്നത് ഒഴിവാക്കാവുന്നതാണെന്നും, ആവശ്യാനുസരണം ഒന്നോ രണ്ടോ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ മാത്രം ഉപയോഗിക്കുകയാണ് വേണ്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു. പണം എങ്ങോട്ടാണ് ചോരുന്നതെന്ന് തിരിച്ചറിയാൻ ‘സ്പെൻഡ് ട്രാക്കിംഗ്’ ആപ്പുകൾ ഉപയോഗിക്കണമെന്നും ഉപദേശങ്ങൾ ഉയരുന്നുണ്ട്.
വാടകയും ഇ.എം.ഐയും അടക്കമുള്ള കാര്യങ്ങൾക്കായി മാത്രം വലിയൊരു തുക മുൻകൂട്ടി ചെലവാകുന്നുണ്ടെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

