ആറളം ഫാമിനെയും സമീപ പ്രദേശങ്ങളിലെ പുനരധിവാസമേഖലയെയും ദീർഘകാലമായി ഭീതിയിലാഴ്ത്തിയിരുന്ന കണ്ണൂർ മഖ്ന (കെഎം – 1) എന്ന മോഴയാന ഒടുവിൽ പിടിയിലായി. 15 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പിന്റെ ദൗത്യം വിജയകരമായി പൂർത്തിയായത്.
മയക്കുവെടി വെച്ചു പിടികൂടിയ ഈ ആനയെ വയനാട് മുത്തങ്ങ ആന ക്യാംപിൽ പ്രത്യേകം സജ്ജമാക്കിയ ആനക്കൊട്ടിലിലേക്ക് മാറ്റുകയാണ്. പുലർച്ചെ 5.30-ഓടെ നിരീക്ഷണസംഘം നടത്തിയ പരിശോധനയിലാണ് ആറളം ഫാം 13–ാം ബ്ലോക്ക് ഓടച്ചാൽ ഭാഗത്തുവെച്ച് മോഴയാനയെ കണ്ടെത്തിയത്.
ഈ സമയത്ത് മറ്റ് 6 കൊമ്പന്മാരും ഇതിനൊപ്പമുണ്ടായിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട
സൂക്ഷ്മ നീക്കത്തിലൂടെ മറ്റ് ആനകളെ തുരത്തിയോടിക്കുകയും മോഴയാനയെ മാത്രം വേർപെടുത്തി ഒറ്റപ്പെടുത്തുകയും ചെയ്തു. രണ്ടുതവണ മയക്കുവെടി പ്രയോഗിച്ച ശേഷമാണ് ആനയെ പൂർണ്ണമായും വനംവകുപ്പിന്റെ നിയന്ത്രണത്തിലാക്കാൻ സാധിച്ചത്.
വിക്രം, ഉണ്ണിക്കൃഷ്ണൻ, ഭാരത് എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ താങ്ങിനിർത്തി സുരക്ഷിതമായി പുതിയ റോഡിലൂടെ ലോറിയിലേക്ക് കയറ്റിയത്. തുടർന്ന് കണ്ണുകൾ മൂടിക്കെട്ടി, ഉന്നത വനപാലകരുടെ കർശന അകമ്പടിയോടെ വാഹനം മുത്തങ്ങയിലേക്ക് തിരിച്ചു.
ആനയുടെ ഒരു കാലിലും തുമ്പിക്കയ്യിലും ചെറിയ മുറിവുകളുടെ പാടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും, വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ അടിയന്തര ചികിത്സ ലഭ്യമാക്കുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾ ആനക്കൊട്ടിലിൽ പാർപ്പിച്ച് കൃത്യമായ ആരോഗ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് വയനാട് വനമേഖലയിൽ തന്നെ തുറന്നുവിടാനാണ് നിലവിലെ അധികൃതരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

