മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് മാർച്ചിനെത്തുടർന്ന് ബുധനാഴ്ച രാത്രി തിരുവനന്തപുരം നഗരത്തിലുണ്ടായ വൻ സംഘർഷത്തിന്റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കി സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി.കൃഷ്ണ രംഗത്ത്. യൂത്ത് കോൺഗ്രസിന്റെ മാർച്ചിനു നേരെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിലെ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞതും കൂവി വിളിച്ചതുമാണു ബുധനാഴ്ച രാത്രി നഗരത്തിലുണ്ടായ വൻ സംഘർഷത്തിന് പ്രകോപനമായതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ ഹോസ്റ്റലിലുള്ളവർ കൂവി വിളിക്കുകയാണുണ്ടായത്. ഇതിനു മറുപടിയായി യൂത്ത് കോൺഗ്രസുകാരും കൂവി വിളിച്ചു.
തുടർന്ന് ഹോസ്റ്റലിനുള്ളിൽനിന്ന് ബീയർ കുപ്പികളടക്കം മാർച്ചിനുനേരെ വലിച്ചെറിയുകയായിരുന്നു. ഇതിനു മറുപടിയായി ഹോസ്റ്റൽ വളപ്പിലേക്ക് യൂത്ത് കോൺഗ്രസുകാർ കയ്യിലുള്ള തീപ്പന്തങ്ങളും എറിഞ്ഞതോടെ കടുത്ത സംഘർഷ സാഹചര്യമുണ്ടായി.
എന്നാൽ ഉടൻതന്നെ പൊലീസ് സംഘം എത്തി പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതിനു പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ഹോസ്റ്റൽ വളപ്പിലെ തീയണച്ചത്.
ഏജീസ് ഓഫിസ് മാർച്ചിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായെത്തിയ വാഹനത്തിനു നേരെ പിന്നീട് യൂണിവേഴ്സിറ്റി കോളജ് പരിസരത്തുനിന്നു കല്ലേറുണ്ടായതായിരുന്നു അടുത്ത പ്രകോപനം. ഈ വിവരം അറിഞ്ഞതോടെ, മാർച്ച് കഴിഞ്ഞ് മടങ്ങാനിരുന്ന പ്രവർത്തകർ സംഘടിച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തേക്ക് വീണ്ടുമെത്തി.
തുടർന്ന് ഹോസ്റ്റൽ വളപ്പിലും പുറത്തെ റോഡിലുമായി അണിനിരന്ന യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ പരസ്പരം കല്ലും വടിയും വലിച്ചെറിയുന്ന സ്ഥിതിയുണ്ടായി. ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കാനുള്ള ഇടപെടലാണു പിന്നീട് കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലും കലാശിച്ചതെന്ന് കമ്മിഷണർ വിശദീകരിച്ചു.
തുടരെ കണ്ണീർവാതകം പ്രയോഗിച്ച പൊലീസിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ സാധിച്ചെങ്കിലും എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള കല്ലേറ് തുടരുകയായിരുന്നു. തുടർന്ന് അക്രമാസക്തരായ പ്രവർത്തകരെ ഹോസ്റ്റലിനുള്ളിലേക്ക് തിരികെകയറ്റുന്നതിനായി പൊലീസ് സംഘം ഹോസ്റ്റൽ വളപ്പിലേക്ക് നേരിട്ട് പ്രവേശിക്കുകയുണ്ടായി.
പ്രവർത്തകരെ ഉള്ളിലാക്കി ഹോസ്റ്റലിന്റെ പ്രധാന കവാടം അടയ്ക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. എന്നാൽ ഹോസ്റ്റൽ വളപ്പിലേക്ക് കയറിയതോടെ പ്രവർത്തകരുടെ ആക്രമണം പൊലീസിനു നേരെ തിരിഞ്ഞു.
ഈ കല്ലേറിൽ ഏതാനും പൊലീസുകാർക്കു പരുക്കൽപറ്റിയിട്ടുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾക്കൊടുവിലാണ് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തി വീശേണ്ടിവന്നതെന്ന് കമ്മിഷണർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

