ബെംഗളൂരു നഗരത്തെ ഞെട്ടിച്ചുകൊണ്ട് പട്ടാപ്പകലുണ്ടായ കൊലപാതകത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അന്നപൂർണേശ്വരി നഗറിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം അരങ്ങേറിയത്.
നാഗർഭാവി മഹേഷ് പിയു കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയും നാഗദേവനഹള്ളി സ്വദേശിയുമായ യോഗേഷ് ആണ് കൊല്ലപ്പെട്ടത്. കോളേജിൽ ക്ലാസിലിരിക്കുകയായിരുന്ന യോഗേഷിനെ അഞ്ചംഗ സംഘം പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
തുടർന്ന് സംസാരിക്കുന്നതിനിടെ അക്രമികൾ ഒളിപ്പിച്ചു വെച്ചിരുന്ന മാരകായുധങ്ങളുമായി വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ സുഹൃത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് വെസ്റ്റ് സോൺ ഡിസിപി യതീഷ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കോളേജിനോട് ചേർന്നുള്ള ജിം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും യോഗേഷിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തുമാണ് അന്നപൂർണേശ്വരി നഗർ പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ട
യോഗേഷിനൊപ്പം കോളേജിൽ പഠിക്കുന്നയാളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ പിടികൂടുമെന്നും അധികൃതർ വ്യക്തമാക്കി.
പട്ടാപ്പകൽ കോളേജ് പരിസരത്തുണ്ടായ ഈ കൊലപാതകം വിദ്യാർത്ഥികൾക്കിടയിലും പ്രദേശവാസികൾക്കിടയിലും വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

