ചെക്ക് കേസിൽ മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഉചിതമായ തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി സ്പീക്കർക്ക് നിർദ്ദേശം നൽകി.
കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോൻ നൽകിയ ഹർജിയാണ് കോടതി തീർപ്പാക്കിയത്. വിഷയത്തിൽ സ്പീക്കർ ഉചിതമായ തീരുമാനം എടുക്കണമെന്നും, അതല്ല ഗവർണറാണ് തീരുമാനം എടുക്കേണ്ടതെങ്കിൽ ആ ഉത്തരവാദിത്തം അങ്ങോട്ട് കൈമാറാനും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അത് വൈകരുതെന്നും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതി ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തിരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചില്ലെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
മാണി സി കാപ്പനെതിരെ കോടതി ശിക്ഷ വിധിച്ച സാഹചര്യത്തിൽ പാലാ നിയമസഭാ സീറ്റ് ഒഴിഞ്ഞതായി സ്പീക്കര് വിജ്ഞാപനമിറക്കണമെന്നും, പാലായില് ഉപതിരഞ്ഞെടുപ്പ് നടത്താന് തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്ദേശിക്കണമെന്നുമാണ് ദിനേശ് മേനോൻ്റെ പ്രധാന വാദം. എന്നാൽ ഈ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് മാണി സി കാപ്പൻ കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിട്ടുള്ളത്.
നാലു കേസുകളിലായി മൂന്നര വര്ഷം തടവും 5.30 കോടി രൂപ പിഴയുമാണ് മാണി സി കാപ്പന് കോടതി പ്രത്യേകം പ്രത്യേകം ശിക്ഷ വിധിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

