ആറളം ഫാമിലും പുനരധിവാസ മേഖലയിലും മാസങ്ങളായി കനത്ത ആശങ്ക പരത്തുന്ന മോഴയാനയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങൾ നിർണായക ഘട്ടത്തിൽ. ഇന്നലെ തുടക്കം കുറിച്ച ദൗത്യം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പ്രതിസന്ധികൾ മറികടന്ന് വനപാലകർ നടപടികൾ ശക്തമാക്കിയത്.
തുടക്കത്തിൽ അനുകൂല സാഹചര്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് മയക്കുവെടി പ്രയോഗം മാറ്റി വെച്ചിരുന്നു. തുടർന്ന് ഇന്ന് മൂന്ന് തവണ മയക്കുവെടി വെച്ചെങ്കിലും ആന പൂർണ്ണമായി തളരാതെ പ്രകോപിതനായത് ദൗത്യത്തിന് ചെറിയ തോതിൽ തിരിച്ചടിയായി.
മേഖലയിൽ പെയ്ത കനത്ത മഴയും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഫാമിലെ പതിമൂന്നാം ബ്ലോക്കിൽ നിലയുറപ്പിച്ചിരുന്ന കണ്ണൂർ മഖ്ന എന്ന മോഴയാനയെ ഉച്ചയോടെയാണ് ഉദ്യോഗസ്ഥർ ആദ്യമായി ലക്ഷ്യം വെച്ചത്.
വെടിയേറ്റതിന് പിന്നാലെ പ്രകോപിതനായ ആന വലിയ തോതിൽ പ്രതിരോധം തീർത്തു. ഇതിനിടയിലെ കാലാവസ്ഥാ വ്യതിയാനവും കടുത്ത വെയിലും പിന്നീട് പെയ്ത മഴയും ദൗത്യസംഘത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്.
ഇന്നലെ പുലർച്ചെ ഫാമിലെ ബ്ലോക്ക് 10 ജലനിധി പ്രദേശത്ത് ആനയെ കണ്ടെത്തിയിരുന്നെങ്കിലും സുരക്ഷിതമല്ലാത്ത ചുറ്റുപാട് കാരണം അന്ന് വെടിയുതിർക്കാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ ഇന്നലെ മോഴയ്ക്കൊപ്പം കല്ലേരിക്കൊമ്പനും ഒരു പിടിയാനയും കൂടി ഉണ്ടായിരുന്നുള്ളൂ എന്നത് ദൗത്യം ഇന്നത്തേക്ക് മാറ്റിവെക്കാൻ കാരണമായി.
സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് ആറളം പഞ്ചായത്തിലെ 6, 7 വാർഡുകളിലും ആറളം ഫാമിലെ 7, 9, 10, 13 ബ്ലോക്കുകളിലും ജില്ലാ കലക്ടർ ബിഎൻഎസ് സെക്ഷൻ 163(1) പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ജനങ്ങൾ കൂട്ടംകൂടുന്നതിന് കർശന നിയന്ത്രണമുണ്ട്.
വയനാട് മുത്തങ്ങയിൽ നിന്ന് എത്തിച്ച വിക്രം, ഭരത്, ഉണ്ണിക്കൃഷ്ണൻ എന്നീ മൂന്ന് കുങ്കിയാനകളും ദൗത്യത്തിനായി സജ്ജമാക്കിയിരുന്നു. കണ്ണൂർ ഡിഎഫ്ഒ സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, കൊട്ടിയൂർ റേഞ്ചർ ടി.നിതിൻരാജ്, കണ്ണവം റേഞ്ചർ സുധീർ നേരോത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം പേരടങ്ങുന്ന സംഘമാണ് ഓപ്പറേഷൻ കെഎം-1 ദൗത്യത്തിനായി ആറളത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നത്.
ആന നിലയുറപ്പിച്ചിരുന്ന സ്ഥലത്തേക്ക് ആവശ്യമായ വഴികൾ ഒരുക്കിയ ശേഷം ഒടുവിൽ കുങ്കിയാനകളുടെ സഹായത്തോടെ മഖ്നയെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റിയിട്ടുണ്ട്. ആനയെ ഇന്നുതന്നെ വയനാട്ടിലേക്ക് മാറ്റാനാണ് തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

