തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതി ചോദ്യം ചെയ്ത് പ്രതിപക്ഷം കോടതിയെ സമീപിക്കുന്നു. നിയമന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നടപടിയാണ് ഇന്ത്യ സഖ്യം ഒന്നടങ്കം ചോദ്യം ചെയ്യുന്നത്.
നിലവിൽ സുപ്രീം കോടതിയിലുള്ള പൊതുതാല്പര്യ ഹർജി അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഹർജി നൽകുന്നത്.
എന്നാൽ, കോക്ക്റോച്ച് ജനതാ പാർട്ടിയെ കൂടി ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കുന്നതിനോട് ചില പാർട്ടികൾക്ക് വിയോജിപ്പുണ്ട്. രാജി വയ്ക്കണം എന്ന ആവശ്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇതുവരെ മൗനം തുടരുകയാണ്.
ഇതിനിടെ, ഗ്യാനേഷ് കുമാറിനെ കൂടുതൽ പ്രതിരോധിക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാർത്താസമ്മേളനങ്ങളും പ്രചാരണ പരിപാടികളും വ്യാപകമാക്കും.
ദേശീയ നേതാക്കൾ വിവിധ സംസ്ഥാനങ്ങളിലെത്തും. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും വാർത്താസമ്മേളനങ്ങൾ നടത്താനാണ് തീരുമാനം.
കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പ് ഫലങ്ങൾ ഉയർത്തിക്കാട്ടി കമ്മീഷൻ്റെ നിഷ്പക്ഷത അവകാശപ്പെടും. സംസ്ഥാനത്തെ കഴിഞ്ഞ തദ്ദേശ, ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും, പ്രത്യേകിച്ച് വയനാട്ടിലെ ഫലവും ബിജെപി ഇതിനായി ഉയർത്തിക്കാട്ടും.
വോട്ടുകൊള്ളക്കെതിരെ ഒറ്റക്കെട്ടായി സംയുക്ത പ്രക്ഷോഭം നടത്തുമെന്ന് ഇന്ത്യ സഖ്യം അവകാശപ്പെടുമ്പോൾ, സഖ്യത്തിലെ ഭിന്നത ശക്തമായി ഉന്നയിക്കാൻ ബിജെപിയിൽ ധാരണയായിട്ടുണ്ട്. സഖ്യത്തിലെ പല പ്രമുഖ നേതാക്കളും വിട്ടുനിന്നത് ചർച്ചയാക്കും.
ഇന്നലത്തെ യോഗത്തിൽ അരവിന്ദ് കെജ്രിവാളിന്റെയും എം കെ സ്റ്റാലിന്റെയും അസാന്നിധ്യം ബിജെപി ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ നേതാവായി ആരും അംഗീകരിക്കുന്നില്ലെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു.
കുടുംബാധിപത്യത്തിന് വേണ്ടിയാണ് ഇന്ത്യ സഖ്യത്തിൻ്റെ മാർച്ച് എന്നാണ് കേന്ദ്രമന്ത്രിമാരുടെ പരിഹാസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

