വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ചെറുപുഴയിലെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ആശ്വാസമായി ഊണിന്റെ വില വർധിപ്പിച്ചു. പാചകവാതകത്തിന്റെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം മൂലം നട്ടംതിരിഞ്ഞ സംരംഭകർക്ക് ആശ്വാസകരമാകുന്നതാണ് പുതിയ തീരുമാനം.
ജില്ലാ ആസൂത്രണ സമിതിയാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച പുതിയ നിരക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് പ്രകാരം ഹോട്ടലിൽ ഇരുന്ന് കഴിക്കുന്ന ഊണിന് (ചോറ്, രണ്ട് കറി, തോരൻ, അച്ചാർ) 40 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ, പാർസൽ ഊണ് വാങ്ങുന്ന ഉപഭോക്താക്കൾ 45 രൂപ നൽകേണ്ടി വരും. എൽ.പി.ജി സിലണ്ടർ വിലയും പച്ചക്കറി വിലയും കുത്തനെ ഉയർന്നത് ജനകീയ ഹോട്ടലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു.
ഈ പ്രതിസന്ധി പഠിക്കുന്നതിനായി ഡി.പി.സി ഒരു പ്രത്യേക സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന സബ് കമ്മിറ്റി യോഗം ഊണിന് 42 രൂപയും പാർസലിന് 45 രൂപയും വർദ്ധിപ്പിക്കാൻ കഴിഞ്ഞ ജൂലൈ 17ന് ശുപാർശ സമർപ്പിച്ചിരുന്നു.
എന്നാൽ, സാധാരണക്കാരായ ജനങ്ങളാണ് പ്രധാനമായും ഈ ഹോട്ടലുകളെ ആശ്രയിക്കുന്നത് എന്ന വസ്തുത പരിഗണിച്ച്, ഓഗസ്റ്റ് 7ന് ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം നിരക്കുകൾ പുനർനിർണയിക്കുകയായിരുന്നു. ഹോട്ടലിൽ കഴിക്കുന്ന ഊണിന് 40 രൂപയായും പാർസലിന് 45 രൂപയായും ഇത് നിജപ്പെടുത്തുകയായിരുന്നു.
ഈ തീരുമാനം കുടുംബശ്രീയുടെ കീഴിലുള്ള ജനകീയ ഹോട്ടലുകൾക്ക് വലിയൊരു ആശ്വാസമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ മുൻ സർക്കാരിന്റെ കാലത്താണ് 20 രൂപ നിരപ്പിൽ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ വഴി ഊണ് നൽകുന്ന പദ്ധതി ആരംഭിച്ചത്.
ആ കാലയളവിൽ സബ്സിഡി നിരക്കിൽ അരിയും ലഭ്യമാക്കിയിരുന്നു. എന്നിട്ടും നടത്തിപ്പുകാർക്ക് സാമ്പത്തിക നഷ്ടം ഉണ്ടായതിനെ തുടർന്ന് ഊണിന്റെ വില 30 രൂപയായി ഉയർത്തുകയും സബ്സിഡി അരി വിതരണം തുടരുകയും ചെയ്തിരുന്നു.
തുടർന്ന് സബ്സിഡി നിരക്കിൽ നൽകി വന്നിരുന്ന അരിയുടെ വിതരണം നിലച്ചു. കുറച്ചുകാലം കൂടി 30 രൂപ നിരക്കിൽ ഊൺ നൽകിയെങ്കിലും ബാധ്യത കൂടിയതോടെ പലയിടത്തും വിതരണം നിർത്തിവച്ച് 50 രൂപയ്ക്ക് കുത്തരിച്ചോറ് മാത്രം നൽകുന്ന സ്ഥിതിയുണ്ടായി.
മൂന്നര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ കുടുംബശ്രീ ഹോട്ടലുകളിലേക്ക് വീണ്ടും ഊണ് തിരിച്ചെത്തുന്നത്. സബ്സിഡി അരി ലഭ്യമല്ലെങ്കിലും വില 10 രൂപ വർധിപ്പിച്ചത് വലിയ സഹായമാകുമെന്നാണ് നടത്തിപ്പുകാരുടെ പ്രതീക്ഷ.
ഊൺ വിതരണം നിർത്തിയത് ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കിയിരുന്നു. വില ചെറിയ തോതിൽ കൂട്ടിയെങ്കിലും ഊൺ വീണ്ടും ലഭ്യമാകുന്നതോടെ ആളുകൾ കൂട്ടത്തോടെ തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ് ജീവനക്കാർ.
മറ്റ് സ്വകാര്യ ഹോട്ടലുകളിൽ 70 രൂപയോളം നൽകേണ്ടി വരുന്നിടത്താണ് കുടുംബശ്രീ ഹോട്ടലുകളിൽ 40 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

