കൊച്ചി നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അമിതവേഗതയും അതിക്രമവും വീണ്ടും ആശങ്ക പരത്തുന്നു. നിരന്തരം ഹോൺ മുഴക്കി പിന്നിലൂടെയെത്തിയ സ്വകാര്യ ബസ് ഇരുചക്രവാഹന യാത്രികരെ ഇടിച്ചിടുകയായിരുന്നു.
അപകടത്തിൽ നിന്നും ബൈക്കോടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്കാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. എന്നാൽ ബസ് ജീവനക്കാരുടെ പെരുമാറ്റം ചോദ്യം ചെയ്ത യുവാവിനെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നവർ നെഞ്ചിന് ഇടിച്ച് നിലത്തിടുകയും, തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ബസ് പലതവണ ഇടിച്ചു തകർക്കുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ യുവാവ് പരാതി നൽകിയെങ്കിലും പോലീസ് ബസ് ജീവനക്കാർക്കെതിരെ കേസെടുക്കാൻ തയ്യാറായില്ലെന്നും, പകരം യുവാവിനെതിരെയാണ് കേസെടുത്തതെന്നുമാണ് ഗുരുതരമായ ആക്ഷേപം. വ്യാജ കേസ് ഒഴിവാക്കുന്നതിനായി ബസ് ജീവനക്കാർ 30,000 രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു.
ഇന്നലെ രാവിലെ 9.30-നാണ് ഫോർട്ട്കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് റിസ്വാൻ എന്ന യുവാവിനും കുടുംബസുഹൃത്തായ പെൺകുട്ടിക്കും ദുരനുഭവം നേരിടേണ്ടി വന്നത്. നഗരത്തിലൂടെ സർവീസ് നടത്തുന്ന ‘വഹ്ബിയ’ എന്ന ബസാണ് അപകടത്തിന് കാരണമായത്.
ഇടപ്പള്ളി മേൽപ്പാലത്തിന് സമീപം വെച്ചാണ് പിന്നിലൂടെ അമിത വേഗതയിലെത്തി നിരന്തരം ഹോണടിച്ച ബസ് ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും അതീവ ജാഗ്രതയോടെയാണ് യുവാവ് വാഹനം നിയന്ത്രിച്ചത്.
ബൈക്കിൽ ബസിടിച്ച നടപടി ചോദ്യം ചെയ്യാൻ ഡ്രൈവർക്കടുത്തേക്ക് എത്തിയ തന്നെ ജീവനക്കാർ ക്രൂരമായി നെഞ്ചിൽ ഇടിച്ച് റോഡിലേക്ക് വീഴ്ത്തുകയായിരുന്നുവെന്ന് മുഹമ്മദ് റിസ്വാൻ പറയുന്നു. റോഡിൽ തലയടിച്ചാണ് അദ്ദേഹം വീണത്.
തുടർന്ന് റോഡിൽ കിടന്ന ബൈക്കിന് മുകളിലൂടെ പലതവണ ബസ് ഇടിച്ചുകയറ്റാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. ഇതിനുപിന്നാലെ യുവതിയും യുവാവും ചേർന്ന് ബസ് തടഞ്ഞിടുകയും, പിന്നീട് പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഇരുവരേയും അവിടെനിന്നും മാറ്റിയതും.
സംഭവത്തിൽ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാൻ തയ്യാറായില്ലെന്നും, മറിച്ച് ബസ് ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അധികാരികൾ സ്വീകരിച്ചതെന്നും പരാതിക്കാർ ആരോപിക്കുന്നു. മർദ്ദനമേറ്റ ശരീരഭാഗങ്ങളിലും തലയിലും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവ് ആശുപത്രിയിൽ തേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

