സ്വത്തുതർക്കത്തെ തുടർന്ന് 61 കാരിയായ വയോധികയുടെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ ചെറുമകൾ പൊലീസിന്റെ പിടിയിലായി. ആയൂർ സ്വദേശിനിയായ 18 വയസ്സുകാരി അമൃതയാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ അമൃതയുടെ മാതാവ് അശ്വതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. വെള്ളം തിളപ്പിച്ചത് അശ്വതിയാണെന്നും, പാത്രത്തിലാക്കി വെച്ച ശേഷം അത് രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ ആവശ്യപ്പെട്ടത് അമ്മയാണെന്നുമാണ് അമൃത പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
കഴിഞ്ഞ മാസം 26-നാണ് ആയൂർ ഇടമുളക്കൽ സ്വദേശിനിയായ രാധാമണിക്ക് പൊള്ളലേറ്റത്. വീടിന്റെ വരാന്തയിൽ വിശ്രമിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തേക്ക് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.
മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ രാധാമണി നിലവിൽ കടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന് പിന്നാലെ രാത്രിയോടെ അശ്വതി മകളെ ഭർത്താവിന്റെ വീട്ടിലെത്തിച്ചിരുന്നു.
ഇവിടെ നിന്നാണ് അമൃതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസിൽ അമൃതയാണ് ഒന്നാം പ്രതി.
ഒളിവിൽ കഴിഞ്ഞിരുന്ന അശ്വതിക്കായി തിരുവനന്തപുരം ഉൾപ്പെടെയുള്ള സമീപ ജില്ലകളിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പോലീസുദ്യോഗസ്ഥരെയും മുൻ മന്ത്രിയും മുൻ എംഎൽഎയും അടക്കമുള്ള പ്രമുഖ നേതാക്കളെയും ഉൾപ്പെടെ ഹണി ട്രാപ്പിൽ കുടുക്കിയ ‘അശ്വതി അച്ചു’ എന്നറിയപ്പെടുന്ന അശ്വതി മറ്റ് നിരവധി കേസുകളിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

