തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ യുഡിഎഫിന് തിരിച്ചടി നേരിട്ടു. രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടുവെങ്കിലും ഭരണം നിലനിർത്താൻ കഴിഞ്ഞത് മുന്നണിക്ക് ആശ്വാസമായി.
ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ, പാമ്പാടി പഞ്ചായത്ത് 10–ാം വാർഡ് എന്നീ സിറ്റിങ് സീറ്റുകളാണ് യുഡിഎഫിന് കൈവിട്ടുപോയത്. അതേസമയം, മീനടം വാർഡ് നിലനിർത്താൻ സാധിച്ചത് ആശ്വാസകരമായി.
നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും തുടർച്ചയായി കനത്ത തോൽവികൾ ഏറ്റുവാങ്ങിയിരുന്ന എൽഡിഎഫിന് ഈ വിജയം പുതിയ രാഷ്ട്രീയ ജീവനാണ് നൽകിയിരിക്കുന്നത്. തൃക്കൊടിത്താനത്തെ ഫലം യുഡിഎഫിനുള്ളിൽ കടുത്ത തർക്കങ്ങൾക്ക് ഇടയാക്കുമെന്നാണ് സൂചന.
സംഘടനാപരവും നേതൃത്വപരവുമായ വീഴ്ചകളാണ് പരാജയത്തിന് കാരമെന്ന ആക്ഷേപം ഇതിനോടകം ശക്തമായിട്ടുണ്ട്. പ്രചാരണ രംഗത്തുണ്ടായ ഏകോപനമില്ലായ്മയാണ് ഡിവിഷൻ നഷ്ടപ്പെടാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.
പല വാർഡുകളിലും സ്ഥാനാർഥിയുടെ നോട്ടീസ് പോലും കൃത്യമായി വോട്ടർമാരിലേക്ക് എത്തിക്കാൻ സാധിച്ചില്ല. കേരള കോൺഗ്രസിലെയും കോൺഗ്രസിലെയും ചില വിഭാഗം നേതാക്കളും പ്രവർത്തകരും പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്നതായും പരാതിയുണ്ട്.
പരമ്പരാഗത വോട്ടുകൾ പെട്ടിയിലാക്കാൻ കോൺഗ്രസിനും കേരള കോൺഗ്രസിനും സാധിച്ചില്ല. പല പ്രധാന നേതാക്കളും സജീവമായി രംഗത്തില്ലായിരുന്നു.
ചില യോഗങ്ങളിൽ മാത്രമായി തിരഞ്ഞെടുപ്പ് പ്രചാരണം ചുരുങ്ങി. ഡിവിഷന് പുറത്തുനിന്നുള്ളയാളെ സ്ഥാനാർഥിയാക്കിയതിനെതിരെ സ്വന്തം പാളയത്തിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു.
സ്ഥാനാർഥിയെ വോട്ടർമാരിലേക്ക് കൃത്യമായി പരിചയപ്പെടുത്തുന്നതിലും വീഴ്ചയുണ്ടായി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട
തർക്കങ്ങളാണ് പല നേതാക്കളുടെയും പിന്മാറ്റത്തിന് കാരണമായത്. മറുവശത്ത്, നഷ്ടപ്പെട്ട
സീറ്റ് തിരിച്ചുപിടിക്കാൻ മികച്ച ഏകോപനമാണ് സിപിഎം കാഴ്ചവച്ചത്. ചങ്ങനാശേരി മേഖലയിലെ പാർട്ടിയിലെ ചേരിപ്പോരുകൾക്ക് ഒരുപരിധിവരെ പ്രതിവിധിയാണ് തൃക്കൊടിത്താനത്തെ വിജയമെന്ന് തിരിച്ചറിഞ്ഞ സിപിഎം, അതീവ രഹസ്യമായ ‘സൈലന്റ് വർക്ക്’ തന്ത്രമാണ് പരീക്ഷിച്ചത്.
യുഡിഎഫിനും എൻഡിഎയ്ക്കും ഈ നിശ്ശബ്ദ മുന്നേറ്റത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ സാധിച്ചില്ല. പോളിങ് ശതമാനത്തിലുണ്ടായ വൻ ഇടിവ് കനത്ത തിരിച്ചടിയായത് യുഡിഎഫിനാണ്.
ആകെ 53.55 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാൽ എൽഡിഎഫ് തങ്ങളുടെ പരമ്പരാഗത വോട്ടുകൾ കൃത്യമായി പോൾ ചെയ്യിപ്പിച്ചു.
ആകെ ഉണ്ടായിരുന്ന 77 ബൂത്തുകളിൽ രണ്ടിൽ മാത്രമാണ് എൻഡിഎയ്ക്ക് മുന്നിലെത്താൻ സാധിച്ചത്. ആറ് ബൂത്തുകളിൽ മാത്രമാണ് എൻഡിഎയ്ക്ക് രണ്ടക്കം കടക്കാനായത്.
ഇത് മുന്നണിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

