നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധനയിലേക്ക്.
തുടർച്ചയായ ഇടിവുകൾക്ക് വിരാമമിട്ടുകൊണ്ടാണ് ഇന്ന് രാവിലെ സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയത്. കേരളത്തിൽ ഗ്രാമിന് ഇന്നു രാവിലെ 70 രൂപ ഉയർന്ന് 13,710 രൂപയായാണ് വ്യാപാരം പുരോഗമിക്കുന്നത്.
കൂടാതെ, 560 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,09,680 രൂപയായി എത്തിനിൽക്കുന്നു. ഇന്നലെ കേരളത്തിൽ വില നിശ്ചയിക്കുമ്പോൾ ഔൺസിന് 4138 ഡോളർ ആയിരുന്ന രാജ്യാന്തരവില, ഇന്ന് 4177 ഡോളർ ആയാണ് ഉയർന്നിട്ടുള്ളത്.
ഇതിന്റെ ചുവടുപിടിച്ച് 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 60 രൂപ വർധിച്ച് 11,265 രൂപയായിട്ടുണ്ട്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 240 രൂപ എന്ന നിരക്കിൽ തുടരുന്നു.
സ്വർണവിലയെ പിടിച്ചുയർത്തി സൗദിയും ചൈനയും രണ്ട് രാജ്യങ്ങളുടെ സമ്പദ്രംഗത്തുണ്ടാകുന്ന സുപ്രധാന ചലനങ്ങളാണ് നിലവിൽ സ്വർണവിലയെ കരകയറ്റാൻ സഹായിക്കുന്നത്. ചെങ്കടൽ തീരത്തെ യാമ്പുവിൽ നിന്നുള്ള എണ്ണ കയറ്റുമതി വീണ്ടും സജീവമായതിനെത്തുടർന്ന് ക്രൂഡോയിൽ വില താഴ്ന്നു.
ഇത് യുഎസ് ഡോളർ സൂചികയുടെയും യുഎസ് സർക്കാരിന്റെ ബോണ്ട് യീൽഡിന്റെയും കുതിപ്പിന് തടയിടുകയും, അതുവഴി സ്വർണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ ചൈനയുടെ വൻതോതിലുള്ള സ്വർണ വാങ്ങിക്കൂട്ടലും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യമായ ചൈന 2025ൽ 940 ടൺ സ്വർണമാണ് വാങ്ങിയത്. എന്നാൽ 2026 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഓഗസ്റ്റ് ആയപ്പോഴേക്കും ഇറക്കുമതി 1141 ടണ്ണിലെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് മാതത്തിൽ മാത്രം 142 ടൺ സ്വർണമാണ് ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് വാങ്ങിയിട്ടുള്ളത്. 5000 കടക്കാൻ രാജ്യാന്തരവില ഈ വർഷം ചൈനയുടെ മൊത്തം സ്വർണ ഇറക്കുമതി 1700 ടൺ കടക്കുമെന്നാണ് പ്രവചനങ്ങൾ.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കറൻസി-ബോണ്ട് വിപണികളുടെ അസ്ഥിരത എന്നിവ കാരണം ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ ഡോളറിന് പകരം കരുതൽ ശേഖരത്തിലേക്ക് സ്വർണം കൂടുതലായി വാങ്ങിക്കൂട്ടുകയാണ്. ഈ രീതിയിൽ ഡിമാൻഡ് വർധിക്കുകയും ബോണ്ട് യീൽഡും യുഎസ് ഡോളറും താഴുകയും ചെയ്താൽ, 2027ൽ രാജ്യാന്തര സ്വർണവില 5200 ഡോളർ വരെ എത്തിയേക്കാമെന്നാണ് ലണ്ടൻ ആസ്ഥാനമായ നിക്ഷേപ സ്ഥാപനമായ എലാറ ക്യാപിറ്റലിന്റെ വിലയിരുത്തൽ.
റെക്കോർഡ് പുതുക്കാൻ സാധ്യതയെന്ന് വിലയിരുത്തൽ രാജ്യാന്തര സ്വർണവില 5200 ഡോളറിൽ എത്തിയാൽ കേരളത്തിൽ പവൻവില 1.26 ലക്ഷം രൂപ കടക്കും. എന്നാൽ രൂപ-ഡോളർ വിനിമയനിരക്ക് കൂടി കണക്കിലെടുക്കുമ്പോൾ പവൻവില 1.32 ലക്ഷം രൂപയിലധികം ഉയരുമെന്നാണ് വിപണി അനലിസ്റ്റുകളുടെ അനുമാനം.
ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് പവന്റെ ഇതുവരെയുള്ള റെക്കോർഡ്. അന്ന് ഗ്രാം വില 16,395 രൂപയായിരുന്നു.
വില വീണ്ടും താഴാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഇറാൻ-യുഎസ് സംഘർഷത്തിന് അയവില്ലാതിരിക്കുകയും ക്രൂഡോയിൽ വില വീണ്ടും കൂടുകയും ചെയ്താൽ അത് ഡോളറിനും ബോണ്ട് യീൽഡിനും കരുത്ത് പകരും. ഒപ്പം യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കാനും സാധ്യതയുണ്ട്.
അങ്ങനെയുണ്ടായാൽ സ്വർണവില വീണ്ടും താഴേക്ക് ഇറങ്ങും. പ്രതികൂല സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ രാജ്യാന്തരവില 3940 ഡോളറിലേക്കും പവൻവില 1.06 ലക്ഷം രൂപയിലേക്കും കുറയാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

