ആന്ധ്രപ്രദേശിലെ എൻടിആർ ജില്ലയിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമാറ്റി കനാലിൽ തള്ളിയ ഞെട്ടിക്കുന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മംഗളഗിരി സ്വദേശിനിയായ കല്യാണി (35) കൊല്ലപ്പെട്ട
കേസിൽ കാമുകനായ മുഹമ്മദ് ഷാഫിയെ (35) പൊലീസ് പിടികൂടിയിട്ടുണ്ട്. ഇറച്ചിക്കച്ചവടക്കാരനാണ് പിടിയിലായ പ്രതി.
ഭർത്താവിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അകന്ന് തനിച്ച് താമസിച്ചിരുന്ന കല്യാണി, പിന്നീട് മുഹമ്മദ് ഷാഫിയുമായി അടുപ്പത്തിലാവുകയും അദ്ദേഹത്തിന്റെ സംരക്ഷണയിൽ കഴിയുകയുമായിരുന്നു. എന്നാൽ കല്യാണിയുടെ കുട്ടിയെക്കുറിച്ചും പണത്തെച്ചൊല്ലിയുമുണ്ടായ തർക്കങ്ങളാണ് ഈ കൊടുംക്രൂരതയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സെപ്തംബർ 18ന് വിജയവാഡയിലെ തെർമൽ പവർ സ്റ്റേഷന്റെ കനാലിൽ നിന്നും അജ്ഞാത സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഇബ്രാഹിംപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ശാസ്ത്രീയ അന്വേഷണമാണ് കൊല്ലപ്പെട്ടത് കല്യാണിയാണെന്ന് തിരിച്ചറിയാൻ സഹായകരമായത്.
സംഭവദിവസം തന്റെ ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷം മുഹമ്മദ് ഷാഫി കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവച്ച് കുട്ടിയെക്കുറിച്ചും പണത്തെച്ചൊല്ലിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
തുടർന്ന് പ്രകോപിതനായ ഷാഫി കത്തിയെടുത്ത് കല്യാണിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം തിരിച്ചറിയാതിരിക്കാനും തെളിവുകൾ നശിപ്പിക്കാനും ഷാഫി ഇറച്ചിവെട്ടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും വേർപെടുത്തി.
തുടർന്ന് ഈ ഭാഗങ്ങൾ ചാക്കിലാക്കി ഗോല്ലാപ്പുടി പ്രദേശത്തെ കനാലിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. ആന്ധ്രയിലും പരിസര പ്രദേശങ്ങളിലും രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ തിരോധാന കേസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിതിരിവായത്.
ഡ്രോണുകളുടെയും എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ നടത്തിയ തിരച്ചിലിൽ യുവതിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും വീണ്ടെടുത്തു. എന്നാൽ യുവതിയുടെ ഒരു കൈ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
അജ്ഞാത മൃതദേഹത്തിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നതിനെത്തുടർന്ന്, യുവതിയുടെ കൈയിലെ ടാറ്റൂവും മറ്റ് അടയാളങ്ങളും കണ്ട് സഹോദരൻ മരിച്ചത് കല്യാണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിലാണ് മുഹമ്മദ് ഷാഫി പിടിയിലായത്.
സെപ്റ്റംബർ 17ന് മുഹമ്മദ് ഷാഫിയുടെ ഭവാനിപുരത്തുള്ള വീട്ടിൽ വച്ചാണ് കല്യാണി കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി അസിസ്റ്റന്റ് കമ്മിഷണർ (വെസ്റ്റ് സോൺ) എൻ.എസ്.വി.കെ ദുർഗ്ഗ റാവു പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ആയുധം പൊലീസ് കണ്ടെടുത്തു കഴിഞ്ഞു.
കൊല്ലപ്പെട്ട കല്യാണിയുടെ കോൾ ലിസ്റ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
കേസുമായി ബന്ധപ്പെട്ട് ഷാഫി ഉൾപ്പെടെ മൂന്ന് പേരാണ് നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിന് പിന്നിലെ മറ്റു സാഹചര്യങ്ങളും മറ്റാരുടെയെങ്കിലും പങ്കാളിത്തമുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

