തമിഴ്നാട്ടിൽ യൂട്യൂബറുടെ വീട്ടിൽ നിന്ന് വൻ സ്വർണശേഖരം കവർച്ച ചെയ്ത സംഭവത്തിൽ നാല് പ്രതികൾ അറസ്റ്റിൽ. ശ്രീവൈകുണ്ഠം സ്വദേശി ഇസക്കി പാണ്ടി (30), മുരുകൻ (28), ആലംകുളം സ്വദേശി മുരുകേശൻ (30), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരെയാണ് തമിഴ്നാട് പൊലീസ് പിടികൂടിയത്.
പ്രതികളിൽ നിന്നും 98 പവൻ ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 24-ന് രാത്രിയിലാണ് നാഗർകോവിലിനു സമീപം തമ്മട്ടുകോണത്ത് വി.ഐ.പി ഗാർഡനിൽ താമസിക്കുന്ന വ്യവസായിയായ വിനോദ് കുമാറിന്റെയും യൂട്യൂബർ മധുമിതയുടെയും വീട്ടിൽ അതിക്രമം നടക്കുന്നത്.
വീട്ടിൽ നിന്ന് 118 പവൻ സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. പൂജാമുറിയിൽ സ്വർണവും പണവും പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ മധുമിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഇതിനു പുറമെ കുഞ്ഞിനെ നോട്ടുകൾ കൊണ്ട് അഭിഷേകം നടത്തുന്ന ദൃശ്യങ്ങളും ഇവർ പ്രചരിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കവർച്ച നടന്നത്.
അതീവ സുരക്ഷാ സംവിധാനങ്ങളും സിസിടിവികളും ഉള്ള ഈ വീടിന്റെ പിൻവാതിൽ തകർത്താണ് സംഘം അകത്തു കടന്നത്. സംഭവത്തിൽ രാജഗമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് 160 സിസിടിവി ദൃശ്യങ്ങളും 35 കോൾ ഡീറ്റെയിൽ റെക്കോർഡുകളും (സി.ഡി.ആർ) പരിശോധിച്ചു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.
കഴിഞ്ഞ ആറുമാസമായി മധുമിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോകൾ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് പ്രതികൾ ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. കാർ പുറത്തുപോയാൽ വീട്ടിൽ ആരും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയാണ് സംഘം കവർച്ച നടത്തിയത്.
ബാക്കി സ്വർണം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ചും, സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. പിടിച്ചെടുത്ത ആഭരണങ്ങൾ പൂർണ്ണമായും ഈ വീട്ടിൽ നിന്നുതന്നെയാണോ നഷ്ടപ്പെട്ടതെന്ന് സ്ഥിരീകരിക്കാൻ ഉടമസ്ഥത സംബന്ധിച്ച പരിശോധനകളും നടക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

