പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ റിസോർട്ട് ജീവനക്കാരിയായ യുവതി കൊല ചെയ്യപ്പെട്ട
സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. കോഴഞ്ചേരി കീഴുകര സ്വദേശി ജിത്തുവിന്റെ അറസ്റ്റാണ് രാത്രിയോടെ പോലീസ് രേഖപ്പെടുത്തിയത്.
കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയുടെ കൊലപാതകത്തിന് കാരണം പ്രണയത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതാണെന്ന് പോലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു. ഒരു വർഷത്തിലേറെയായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇവർ തമ്മിൽ വളരെ അടുത്ത പരിചയമുണ്ടായിരുന്നുവെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ പിന്നീട് ദിൻഷ ബന്ധത്തിൽ നിന്നും പിന്മാറിയത് തനിക്ക് ചതിക്കപ്പെട്ടെന്ന തോന്നലുണ്ടാക്കിയെന്നും, തന്റെ കൈവശമുണ്ടായിരുന്ന കുറെയധികം പണം നഷ്ടമായെന്നും പ്രതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പെൺകുട്ടിക്ക് മേൽ സംശയം വർദ്ധിച്ചതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതി ജിത്തു മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി.
ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു മാരാമൺ റിസോർട്ടിൽ വെച്ച് ഈ ദാരുണ സംഭവം നടക്കുന്നത്. മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്നു ഇരുപത്തിയൊന്നുകാരിയായ ദിൻഷ.
സംഭവത്തിൽ കൊല്ലപ്പെട്ട യുവതിയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

