ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ ഭീകരൻ കൊല്ലപ്പെട്ടു. ബുദ്ഗാമിലെ യൂസ്മാർഗിലുള്ള കൊറാഗ് മേഖലയിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത നീക്കത്തിനിടയിലാണ് ഈ സംഭവം ഉണ്ടായത്.
കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം കൊറാഗ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടയിൽ സൈനികരുടെ ശ്രദ്ധയിൽ സംശയാസ്പദമായ ചില നീക്കങ്ങൾ പെടുകയായിരുന്നു.
തുടർന്ന് സുരക്ഷാ സേന ഭീകരരെ വളയുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് വകവെയ്ക്കാതെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയാണുണ്ടായത്.
ഇതിന് പിന്നാലെ സുരക്ഷാ സേന ശക്തമായി തിരിച്ചടിക്കുകയും ഇരുവിഭാഗവും തമ്മിൽ കടുത്ത വെടിവെപ്പ് നടക്കുകയുമായിരുന്നു. കൊല്ലപ്പെട്ടയാൾ ലഷ്കർ ഇ തൊയ്ബ കമാൻഡറായ ഫൗസി മൂസ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജമ്മു കശ്മീരിൽ മുൻപ് നടന്ന വിവിധ ആക്രമണ പരമ്പരകളിൽ പങ്കാളിയായ വ്യക്തിയാണ് മൂസ. യൂസ്മാർഗിൽ സെപ്റ്റംബർ അഞ്ചിന് നടന്ന ഏറ്റുമുട്ടലിൽ നിന്ന് മൂസ രക്ഷപ്പെട്ടിരുന്നു.
എന്നാൽ ആ സംഭവത്തിൽ മൂസയുടെ അടുത്ത സഹായി യാസിറിനെ കരസേന വധിച്ചിരുന്നു. കൊല്ലപ്പെട്ട
ഭീകരനെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ കരസേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, പ്രസ്തുത മേഖലയിൽ മറ്റു ഭീകരർ കൂടി ഒളിവിലിരിപ്പുണ്ടോയെന്ന് കണ്ടെത്താനായി സുരക്ഷാ സേനയുടെ തെരച്ചിൽ ഇപ്പോഴും ഊർജിതമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

