രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് നടപ്പാക്കുന്ന അജണ്ടകൾ ശക്തമായി പ്രതിരോധിക്കാൻ കേരളം അടക്കമുള്ള കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് എഐസിസിയുടെ നിർദ്ദേശം. ദില്ലിയിൽ ചേർന്ന മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗത്തിലാണ് നേതൃത്വം ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ സംഘപരിവാർ നടത്തുന്ന നീക്കങ്ങൾ വിഷലിപ്തമായ അജണ്ടയാണെന്ന് ഹൈക്കമാൻഡ് യോഗത്തിൽ വിമർശിച്ചു. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും പ്രത്യേക സെമിനാറുകൾ സംഘടിപ്പിച്ച് ബദൽ വിദ്യാഭ്യാസ നയം രൂപീകരിക്കാൻ യോഗം ആഹ്വാനം ചെയ്തു. വൈസ് ചാൻലർമാരിലൂടെ ആർഎസ്എസ് നടത്തുന്ന കടന്നുകയറ്റങ്ങളും അവരുടെ അജണ്ടകളും മുഖ്യമന്ത്രിമാർ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മേഖലയെ രാജ്യത്തിന് തന്നെ മാതൃകയാക്കി മാറ്റണമെന്നും നിർദ്ദേശമുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേർത്തത്.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ തുടങ്ങിയ പ്രമുഖരും നിർണ്ണായകമായ യോഗത്തിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

