സാമ്പത്തിക ക്രമക്കേടുകൾ മൂലം സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാത്ത ഏക മെഡിക്കൽ സ്ഥാപനമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മാറിയതായി ഔദ്യോഗിക പരിശോധനകളിൽ വ്യക്തത. പാവപ്പെട്ട
രോഗികൾക്കായി മാറ്റിവച്ച ആരോഗ്യ ഇൻഷുറൻസ് ഫണ്ടിൽനിന്ന് കോടികളുടെ തുക വകമാറ്റി ചെലവഴിച്ചതായും അനധികൃത നിയമനങ്ങളും ശമ്പളവിതരണവും നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2024, 2025, 2026 വർഷങ്ങളിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന്റെ (ഓഡിറ്റ്–1) പരിശോധനകൾക്ക് പുറമെ ധനകാര്യ പരിശോധനാ വിഭാഗവും ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തിയിരുന്നു.
ആശുപത്രി വികസന സൊസൈറ്റിയുടെ (എച്ച്ഡിഎസ്) കീഴിൽ കഴിഞ്ഞ പത്ത വർഷത്തിനിടെ നടന്ന ആയിരത്തിലേറെ നിയമനങ്ങളിൽ 720 എണ്ണവും ചട്ടവിരുദ്ധമാണെന്നാണ് കണ്ടെത്തൽ. ശമ്പള ഇനത്തിൽ മാത്രം 93.48 കോടി രൂപയാണ് ഇത്തരത്തിൽ വകമാറ്റി ചെലവഴിച്ചത്.
ഇതിനുപുറമേ, ആരോഗ്യ ഇൻഷുറൻസ് ഫണ്ടിൽനിന്ന് ജൂനിയർ ഡോക്ടർമാരുടെ ശമ്പളത്തിനായി 4.85 കോടി രൂപയും എടുത്തുപയോഗിച്ചു. 2023 സെപ്റ്റംബർ മുതൽ രോഗികൾക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ പൂർണ്ണമായും മുടങ്ങിയിരിക്കുകയാണ്.
മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും വാങ്ങാൻ പണമില്ലാതെ സാധാരണക്കാരായ രോഗികൾ ദുരിതത്തിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇൻഷുറൻസ് ഫണ്ട് ദുരുപയോഗം ചെയ്ത് വൻതോതിൽ ജീവനക്കാരെ നിയമിച്ചതായും ആക്ഷേപമുണ്ട്.
98 ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ, 280 സ്റ്റാഫ് നഴ്സുമാർ, 181 പെയ്ഡ് ട്രെയിനികൾ എന്നിവരെയാണ് ഇത്തരത്തിൽ തിരുകിക്കയറ്റിയത്. പ്രതിമാസം ശരാശരി 4,575 ആരോഗ്യ ഇൻഷുറൻസ് അപേക്ഷകൾ മാത്രം ലഭിക്കുന്ന ഇവിടെ, 98 ഡേറ്റ എൻട്രി ജീവനക്കാരുടെ പ്രതിദിന ജോലി ശരാശരി വെറും 1.57 എൻട്രികൾ മാത്രമാണ്.
ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കാൻ വ്യവസ്ഥകളില്ലാതിരിക്കെ, ജൂനിയർ ഡോക്ടർമാരുടെ ശമ്പളത്തിനായി ഇൻഷുറൻസ് ഫണ്ടിൽനിന്ന് 4,85,72,247 രൂപ ചെലവഴിച്ചതായും പരിശോധനയിൽ തെളിഞ്ഞു. മുൻകൂർ അനുമതി പോലുമില്ലാതെ എച്ച്ഡിഎസ് ജീവനക്കാരുടെ ശമ്പളത്തിനായി ഇൻഷുറൻസ് ഫണ്ടിന്റെ 40 ശതമാനത്തിലധികം തുകയാണ് വകമാറ്റിയത്.
ഇത് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുകയും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. ഇതേത്തുടർന്ന് സൗജന്യമായി ലഭിക്കേണ്ട
മരുന്നുകൾക്കും ശസ്ത്രക്രിയാ സാമഗ്രികൾക്കും പോലും രോഗികൾ പണം കണ്ടെത്തേണ്ട ഗതികേടിലാണ്.
ഫണ്ട് വിനിയോഗത്തിലെ വ്യാപകമായ ക്രമക്കേടുകളും അനധികൃത നിയമനങ്ങളും ചൂണ്ടിക്കാട്ടി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.മുരളി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഔദ്യോഗിക നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കോട്ടയം മെഡിക്കൽ കോളജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

